വെറും ഏഴ് ദിവസം; ആടുജീവിതം നൂറുകോടി ക്ളബിലേക്ക്

പൃഥ്വിരാജ്-ബ്ളെസി കൂട്ടുകെട്ടിന്റെ ആടുജീവിതം മലയാളത്തിന്റെ മാസ്‌റ്റർപീസ് സിനിമകളിൽ ഒന്നാണെന്നാണ് പ്രേക്ഷകർ വിശേഷിപ്പിക്കുന്നത്. ബ്‌ളെസിയുടെ സംവിധാന മികവും ചോര നീരാക്കിയുള്ള പൃഥ്വിയുടെ അഭിനയ പ്രകടനവുമാണ് സിനിമയുടെ ഹൈലൈറ്റ്.

By Trainee Reporter, Malabar News
adujeevitham
Rep. Image
Ajwa Travels

വൻമരങ്ങളെയെല്ലാം വീഴ്‌ത്തിക്കൊണ്ട് ബ്ളെസി-പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ ‘ആടുജീവിതം’ റെക്കോർഡിലേക്ക് കുതിക്കുകയാണ്. ഇങ്ങനെ പോയാൽ മലയാള സിനിമ ഇന്നേവരെ നേടിയ റെക്കോർഡുകളെല്ലാം ആടുജീവിതം സിനിമക്ക് മുന്നിൽ തകരുമെന്നാണ് സൂചന. റിലീസ് ചെയ്‌ത്‌ വെറും ഏഴ് ദിവസം കൊണ്ട് നൂറുകോടി ക്ളബിലേക്ക് കുതിക്കുകയാണ് ആടുജീവിതം.

ദുൽഖർ സൽമാൻ നായകനായ ‘കുറുപ്പ്’ എന്ന സിനിമയുടെ ലൈഫ്‌ടൈം കളക്ഷൻ ആടുജീവിതം മറികടന്നിരിക്കുകയാണ്. കുറുപ്പ് ആകെ 81 കോടി രൂപയായിരുന്നു നേടിയതെന്നാണ് ബോക്‌സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ, ആടുജീവിതം ഇതുവരെയായി 82 കോടിയിലധികം നേടിയെന്നുമാണ് പുതിയ കളക്ഷൻ റിപ്പോർട്. ആടുജീവിതത്തിന്റെ ബജറ്റും ഏകദേശം 82 കോടി രൂപയായിരുന്നു.

ആടുജീവിതത്തിന്റെ നേട്ടം വെറും ഏഴ് ദിവസം കൊണ്ടുള്ളതാണെന്നാണ് കൂടുതൽ പ്രാധാന്യം അർഹിക്കുന്നതെന്ന് സിനിമാ ട്രേഡ് അനലിസ്‌റ്റുകൾ ചൂണ്ടിക്കാട്ടുന്നു. നിലവിലെ സൂചനകൾ മലയാളത്തിന്റെ എക്കാലത്തെയും കളക്ഷൻ റെക്കോർഡ് പൃഥ്വിരാജിന്റെ പേരിലെത്തുമോയെന്ന ആകാംക്ഷയും ഇവർ പങ്കുവെക്കുന്നു.

തിങ്കളാഴ്‌ച കേരളത്തിൽ ആടുജീവിതം 4.75 കോടിയിലധികം നേടിയിട്ടുണ്ടെന്നാണ് നേരത്തെയുള്ള കളക്ഷൻ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. കേരളത്തിലെ എക്കാലത്തെയും റെക്കോർഡാണ് ഇതെന്നും അനലിസ്‌റ്റുകൾ വ്യക്‌തമാക്കുന്നു. മലയാളത്തിൽ നിന്ന് വേഗത്തിൽ 50 കോടി ക്ളമ്പിലെത്തി എന്ന റെക്കോർഡും ആടുജീവിതത്തിന് മാത്രം സ്വന്തമാണ്.

goat life
സിനിമയിലെ ഒരു രംഗം

പൃഥ്വിരാജ്-ബ്ളെസി കൂട്ടുകെട്ടിന്റെ ആടുജീവിതം മലയാളത്തിന്റെ മാസ്‌റ്റർപീസ് സിനിമകളിൽ ഒന്നാണെന്നാണ് പ്രേക്ഷകർ വിശേഷിപ്പിക്കുന്നത്. ബ്‌ളെസിയുടെ സംവിധാന മികവും ചോര നീരാക്കിയുള്ള പൃഥ്വിയുടെ അഭിനയ പ്രകടനവുമാണ് സിനിമയുടെ ഹൈലൈറ്റ്. ബെന്യാമിന്റെ നോവൽ സിനിമയാക്കി മാറ്റിയാണ് മരുഭൂമിയിലെ ചുട്ടുപൊള്ളുന്ന മണൽത്തരിയിൽ നജീബിന്റെ കഠിനമായ ജീവിതവും ത്യാഗവും സംഘട്ടനങ്ങളും അതിജീവനവുമെല്ലാം ബ്ളെസി പ്രേക്ഷകരിലേക്ക് എത്തിച്ചത്.

എആർ റഹ്‌മാന്റെ സംഗീതവും സുനിൽ കെഎസിന്റെ ഛായാഗ്രഹണവും റസൂൽ പൂക്കുട്ടിയുടെ ശബ്‌ദമികവുമെല്ലാം സിനിമയുടെ മുതൽക്കൂട്ടാണ്. ഹക്കീം ആയി എത്തിയ ഗോകുൽ ആണ് സിനിമയിൽ ഞെട്ടിക്കുന്ന മറ്റൊരു പ്രകടനം കാഴ്‌ചവെച്ചത്.

aadujeevitham-budget

പൃഥ്വിരാജിന്റെ കഥാപാത്രമായ നജീബിന്റെ മരുഭൂമിയിലെ ദുരിത ജീവിതം തെളിവാകുന്ന ചിത്രത്തിന്റെ റിലീസ് ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെയാണ് കാത്തിരുന്നത്. 15 വർഷത്തിന് മുൻപ് തുടങ്ങിയ സിനിമാ ചർച്ച 2008ൽ പ്രാരംഭ വർക്കുകൾ ആരംഭിച്ചെങ്കിലും വർഷങ്ങളുടെ തയ്യാറെടുപ്പുകൾക്ക് ഒടുവിൽ 2018 ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ഏറ്റവുമധികം നാളുകൾ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ വർഷം ജൂലൈ 14നാണ് പൂർത്തിയായത്.

ജോർദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യ പങ്കും ഷൂട്ട് ചെയ്‌തത്. അമല പോളാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. സൈനു എന്ന കഥാപാത്രമാണ് അമല പോൾ അവതരിപ്പിക്കുന്നത്. ജിമ്മി ജീൻ ലൂയിസ്, കെആർ ഗോകുൽ, പ്രശസ്‌ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാള ചിത്രത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും സിനിമ റിലീസ് ചെയ്‌തിട്ടുണ്ട്‌. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതമെന്നാണ് വിലയിരുത്തൽ.

Most Read| 123 അടി നീളമുള്ള ദോശ! ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ സംഘത്തിൽ മലയാളി ഷെഫും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE