ലോകം ഒരു വർഷം കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിയുന്നത് 100 കോടി ടൺ ഭക്ഷണം!

യുഎൻ പ്രസിദ്ധീകരിച്ച 'ഫുഡ് വെയിസ്‌റ്റ് ഇൻഡക്‌സ് റിപ്പോർട് 2024' ലാണ് ഞെട്ടിക്കുന്നതും സങ്കടകരവുമായ ഈ വിവരമുള്ളത്. 2022ലെ കണക്കുകളാണ് റിപ്പോർട്ടിൽ ഉള്ളത്.

By Trainee Reporter, Malabar News
Poverty
Representational Image
Ajwa Travels

ജനീവ: ഒരിക്കലെങ്കിലും ഉള്ളുപൊള്ളി അനുഭവിച്ചവർക്കേ വിശപ്പിന്റെ വേദന അറിയൂ. ഒരുനേരത്തെ ഭക്ഷണം പോലും കിട്ടാത്ത കോടിക്കണക്കിന് പേർ നമ്മുടെ ലോകത്തുണ്ട്. എന്നാലും, അവരെയൊന്നും ഒരുനിമിഷം പോലും ഓർക്കാതെ ഭക്ഷണ സാധനങ്ങൾ വലിച്ചെറിയുന്നവരും നമ്മുടെ കൂട്ടത്തിലുണ്ട്.

ഐക്യരാഷ്‌ട്ര സംഘടനയുടെ (യുഎൻ) ഏറ്റവും പുതിയ റിപ്പോർട് പ്രകാരം, 100 കോടി ടൺ ഭക്ഷണമാണ് ലോകം ഒരു വർഷം കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിയുന്നത്. യുഎൻ പ്രസിദ്ധീകരിച്ച ‘ഫുഡ് വെയിസ്‌റ്റ് ഇൻഡക്‌സ് റിപ്പോർട് 2024′ ലാണ് ഞെട്ടിക്കുന്നതും സങ്കടകരവുമായ ഈ വിവരമുള്ളത്. 2022ലെ കണക്കുകളാണ് റിപ്പോർട്ടിൽ ഉള്ളത്.

ആ വർഷം പ്രതിദിനം ലോകം പാഴാക്കിയ ഭക്ഷണം കൊണ്ട് 78 കോടി പട്ടിണി പാവങ്ങൾക്ക് ഒരു നേരമെങ്കിലും ഭക്ഷണം നൽകാമായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. 83 ലക്ഷം കോടി രൂപ വിലമതിക്കുന്നതാണ് പാഴാക്കിയ ഭക്ഷണം. ലോക വിപണിയിൽ ലഭ്യമായ ആകെ ഭക്ഷണത്തിന്റെ അഞ്ചിലൊന്ന് വരും ഇത്.

വീടുകൾ തന്നെയാണ് ഭക്ഷണം പാഴാക്കുന്നതിൽ മുന്നിൽ നിൽക്കുന്നത്. ആകെ കളഞ്ഞതിൽ 60 കോടി ടൺ (60%) വീടുകളിൽ നിന്ന് മാലിന്യക്കൂട്ടയിൽ തട്ടിയതാണ്. റസ്‌റ്റോറന്റുകൾ, കാന്റീനുകൾ, ഹോട്ടലുകൾ എന്നിവയുടെ പങ്ക് 28 ശതമാനം. ബാക്കി 12 ശതമാനം കശാപ്പുശാലകളുടെയും പച്ചക്കറി കടകളുടെയും വകയാണ്.

കൊടും പട്ടിണിയുള്ള ലോകത്ത് ഇത്രയേറെ ആഹാരം പാഴാക്കുന്നതിനെ ‘ആഗോള ദുരന്തം’ എന്നാണ് റിപ്പോർട് തയ്യാറാക്കിയ യുഎൻ പരിസ്‌ഥിതി ഏജൻസി വിശേഷിപ്പിക്കുന്നത്. പഠന കണക്കിലും വളരെ കൂടുതലായിരിക്കും യഥാർഥ അളവെന്നാണ് റിപ്പോർട് വിലയിരുത്തുന്നത്.

‘ഭക്ഷണമില്ലാതെ വിഷമിക്കുന്ന 80 കോടിയോളം പേർ ലോകത്തുണ്ടെന്നാണ് കണക്ക്. ലോകത്ത് ഒരു ദിവസം പാഴാകുന്ന ഭക്ഷണം മതി അവർക്ക് ഒരു നേരത്തെ വിശപ്പടക്കാൻ. ആളുകൾ ആവശ്യത്തിലധികം ഭക്ഷണം അളവറിയാതെ വാങ്ങിക്കൂട്ടുന്നു. മിച്ചം വരുന്നത് കഴിക്കുന്നുമില്ല. ഭക്ഷണം മാത്രമല്ല, പണവും പാഴാക്കുകയാണ്’- റിച്ചഡ് സ്വാനൽ, ഡയറക്‌ടർ, ഇംപാക്‌ട് ഗ്രോത്ത്, റാപ്പ് (WRAP) (റിപ്പോർട് തയ്യാറാക്കാൻ യുഎന്നുമായി സഹകരിച്ച എൻജിഒ)

ഈ രീതിയിൽ ഭക്ഷണം പാഴാക്കുന്നത് ധാർമികമായ തെറ്റ് മാത്രമല്ല, പരിസ്‌ഥിതിയോടുള്ള ദ്രോഹം കൂടിയാണെന്നും റിപ്പോർട് ചൂണ്ടിക്കാട്ടുന്നു. ഈ ഭക്ഷണം മാലിന്യമായി മാറുമ്പോൾ രൂപപ്പെടുന്ന കാർബൺ ഉൾപ്പടെയുള്ള ഹരിതഗൃഹ വാതകങ്ങൾ, ആഗോളാടിസ്‌ഥാനത്തിൽ ആകെ പുറന്തള്ളുന്നതിന്റെ പത്ത് ശതമാനം വരും. പാഴാക്കുന്ന ഭക്ഷണത്തിന്റെ അതിഭീമൻ കൂമ്പാരത്തെ ഒരു രാജ്യമായി കണക്കാക്കിയാൽ, ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നതിൽ ചൈനയും യുഎസും കഴിഞ്ഞ് മൂന്നാം സ്‌ഥാനം നേടുമായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

Most Read| 123 അടി നീളമുള്ള ദോശ! ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ സംഘത്തിൽ മലയാളി ഷെഫും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE