ന്യൂഡെൽഹി: ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ടുള്ള യുഎൻ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്‌ത് ഇന്ത്യ. അൾജീരിയ, ബഹ്‌റൈൻ, ഇറാഖ്, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളും യുഎൻ പൊതുസഭയിൽ അവതരിപ്പിച്ച പ്രമേയത്തെ അനുകൂലിച്ചു. അതേസമയം, യുഎസും ഇസ്രയേലും ഉൾപ്പടെ പത്ത് രാജ്യങ്ങൾ പ്രമേയത്തെ എതിർത്തു. 23 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
സമാനമായ മറ്റൊരു പ്രമേയം രക്ഷാ സമിതിയിൽ യുഎസ് വീറ്റോ ചെയ്‌ത് ദിവസങ്ങൾ പിന്നിടുമ്പോഴാണ് യുഎൻ പൊതുസഭയിൽ വോട്ടെടുപ്പ് നടന്നത്. രക്ഷാസമിതിയിൽ നിരവധി അംഗരാജ്യങ്ങളുടെ പിന്തുണയോടെ യുഎഇയാണ് പ്രമേയം അവതരിപ്പിച്ചത്. യുഎസ് വീറ്റോ ചെയ്‌തതോടെ പ്രമേയം അസാധുവായി. പിന്നാലെയാണ് പൊതുസഭയിൽ അവതരിപ്പിക്കാനുള്ള നീക്കം ആരംഭിച്ചത്. ഇതൊരു ചരിത്രദിനമാണെന്നും യുഎൻ പൊതുസഭയിൽ നിന്നുള്ള ശക്‌തമായ സന്ദേശമാണെന്നും പലസ്‌തീൻ പ്രതിനിധി റിയാദ് മൻസൂർ പ്രതികരിച്ചു.
‘യുഎൻ പൊതുസഭയിൽ അവതരിപ്പിച്ച പ്രമേയത്തെ അനുകൂലിച്ചു ഇന്ത്യ വോട്ട് ചെയ്യുകയാണ്. വലിയ രീതിയിലുള്ള പ്രതിസന്ധിയാണ് ഗാസയിലുള്ളത്. സ്‌ത്രീകളും കുട്ടികയും ഉൾപ്പടെയുള്ള സാധാരണക്കാരുടെ ജീവൻ നഷ്‌ടപ്പെടുകയാണ്. രാജ്യാന്തര മനുഷ്യാവകാശങ്ങൾ ഏത് സാഹചര്യത്തിലും സംരക്ഷിക്കേണ്ടതുണ്ട്. പലസ്‌തീനിയൻ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പ്രത്യേകരാജ്യം രൂപീകരിക്കേണ്ടതിനെ കുറിച്ചും ചർച്ച നടത്തേണ്ടിയിരിക്കുന്നു’- യുഎന്നിലെ ഇന്ത്യയുടെ സ്‌ഥിരം പ്രതിനിധി രുചിര കാംബോജ് പറഞ്ഞു.
മേഖലയിലെ പ്രശ്‌നപരിഹാരത്തിനായി രാജ്യാന്തര സമൂഹം ഒരുമിച്ചു നിൽക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഒക്‌ടോബറിൽ ഗാസയിൽ അടിയന്തിര മാനുഷിക ഇടപെടൽ ആവശ്യപ്പെട്ടുള്ള പ്രമേയത്തിൽ ഇന്ത്യ വോട്ട് ചെയ്‌തിരുന്നില്ല. ഒക്‌ടോബർ ഏഴിന് ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ 1200ലേറെ പേരാണ് കൊല്ലപ്പെട്ടത്. ഇസ്രയേലിന്റെ തിരിച്ചടിയിൽ ഗാസയിൽ 18000ത്തിലേറെ പേർ കൊല്ലപ്പെട്ടതായാണ് കണക്ക്. ഇതിൽ 70 ശതമാനത്തോളം സ്‌ത്രീകളും കുട്ടികളുമാണ്.
അതിനിടെ, ഗാസയിൽ ഇസ്രയേൽ നടത്തുന്ന അക്രമങ്ങളിൽ രൂക്ഷ വിമർശനവുമായി അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ രംഗത്തെത്തിയിരുന്നു. ഗാസയിലേക്ക് വകതിരിവില്ലാത്ത ബോംബാക്രമണം ആണെന്നും ഇസ്രയേലിന് ലോകജനതയിൽ നിന്ന് ലഭിച്ച പിന്തുണ നഷ്‌ടമാവുകയാണെന്നും ജോ ബൈഡൻ പറഞ്ഞു. യുദ്ധം തുടങ്ങിയതിന് ശേഷം ഇതാദ്യമായാണ് ബൈഡൻ ഇസ്രയേലിനെ വിമർശിക്കുന്നത്.
National| ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ശരിവെച്ചു സുപ്രീം കോടതി; കേന്ദ്രത്തിന് ആശ്വാസം