പ്രകാശ് ജാവ്‌ദേക്കറുമായി നടത്തിയത് രാഷ്‌ട്രീയ ചർച്ചയല്ല; ഇപി ജയരാജൻ

By Trainee Reporter, Malabar News
Malabar News_EP Jayarajan
Ajwa Travels

തിരുവനന്തപുരം: പ്രകാശ് ജാവ്‌ദേക്കറുമായി നടത്തിയത് രാഷ്‌ട്രീയ ചർച്ചയല്ലെന്ന് ആവർത്തിച്ച് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. തനിക്ക് നേരെയുള്ള ആരോപണങ്ങൾക്ക് പിന്നിൽ ആസൂത്രിതമായിട്ടുള്ള എന്തോ പദ്ധതിയുണ്ട്. ശോഭ സുരേന്ദ്രനെ കണ്ടിട്ടില്ലെന്നും ഇപി ജയരാജൻ വ്യക്‌തമാക്കി. സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുക്കുന്നതിനായി തിരുവനന്തപുരത്ത് എത്തിയതായിരുന്നു ഇപി ജയരാജൻ.

ഇതിനിടെയാണ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. ശോഭ സുരേന്ദ്രനെ കാണുകയോ സംസാരിക്കുകയോ ചെയ്‌തിട്ടില്ല. ഫോണിൽ പോലും അവരോട് സംസാരിച്ചിട്ടില്ല. എനിക്ക് നേരെയുള്ള ആക്രമണത്തിന് പിന്നിൽ ആസൂത്രിതമായിട്ടുള്ള എന്തോ ഒരു പദ്ധതിയുണ്ട്. ആ പദ്ധതിയുടെ ഭാഗമായിട്ടാണ് ഇപ്പോൾ എനിക്കെതിരെയുള്ള ആരോപണങ്ങൾ തയ്യാറാക്കികൊണ്ടിരിക്കുന്നത്. പ്രകാശ് ജാവ്‌ദേക്കറുമായി നടത്തിയത് രാഷ്‌ട്രീയ ചർച്ചയല്ല. അത് പാർട്ടിയോട് പറയേണ്ട കാര്യം എന്താണെന്നും ഇപി ജയരാജൻ ചോദിച്ചു.

പ്രകാശ് ജാവ്‌ദേക്കർ എന്നെ പരിചയപ്പെടണമെന്ന് ആവശ്യപ്പെട്ടാണ് വന്നത്. പരിചയപ്പെട്ടു, പിരിഞ്ഞു. അദ്ദേഹത്തെ കൂട്ടി ടിജി നന്ദകുമാർ എന്തിനാണ് എന്റെ അടുത്തുവന്നത് എന്നതാണ് അന്വേഷിക്കേണ്ടത്. അവർ പറയുന്ന ഹോട്ടലിൽ ഞാൻ ഇന്നേവരെ പോയിട്ടില്ല. ശോഭ സുരേന്ദ്രനെതിരെ നിയമപരമായി നടപടിയെടുക്കണമോ എന്ന്‌ ആലോചിക്കുമെന്നും ഇപി ജയരാജൻ പറഞ്ഞു.

ബിജെപി കേരള പ്രഭാരി പ്രകാശ് ജാവ്‌ദേക്കറുമായി ചർച്ച നടത്തിയെന്ന സംഭവം വാർത്തയായതോടെ ഇക്കാര്യം ജയരാജൻ പരസ്യമായി സമ്മതിച്ചിരുന്നു. ഇതുസംബന്ധിച്ച് സിപിഎമ്മിനുള്ളിലും സിപിഐക്കുള്ളിലും അതൃപ്‌തി പുകയുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യത്തിൽ ജയരാജനെ തള്ളി അന്നുതന്നെ പ്രതികരിക്കുകയും ചെയ്‌തിരുന്നു. ഈ സാഹചര്യത്തിൽ ഇന്ന് ചേരുന്ന സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റിൽ ജയരാജനെ എൽഡിഎഫ് കൺവീനർ സ്‌ഥാനത്ത്‌ നിന്ന് മാറ്റുന്നത് സംബന്ധിച്ച ചർച്ച നടക്കുമെന്നാണ് സൂചന.

അതേസമയം, ഇപി ജയരാജനുമായുള്ള ചർച്ചയുടെ വിശദാംശങ്ങൾ സംസ്‌ഥാന നേതാക്കൾ പരസ്യമായി വെളിപ്പെടുത്തിയതിൽ ബിജെപി ദേശീയ നേതൃത്വത്തിനും അതൃപ്‌തിയുണ്ടെന്നാണ് റിപ്പോർട്. രാഷ്‌ട്രീയ നീക്കങ്ങൾ അങ്ങാടിപ്പാട്ടാകുന്നതിലുള്ള അതൃപ്‌തി കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവ്‌ദേക്കറും അടുപ്പമുള്ളവരോട് പ്രകടിപ്പിച്ചതായാണ് സൂചന. രാഷ്‌ട്രീയ നീക്കങ്ങൾ വെളിപ്പെടുത്തിയാൽ ഇനിയാരെങ്കിലും ചർച്ചക്ക് വരുമോയെന്നാണ് കേന്ദ്രത്തിന്റെ ചോദ്യം.

രഹസ്യചർച്ചകൾ ചോരുന്ന സാഹചര്യത്തിൽ ബിജെപിയിൽ ചേരാനുള്ള പ്രാഥമിക ആലോചനയിൽ നിന്നുപോലും മറ്റ് പാർട്ടിക്കാരെ പിന്തിരിപ്പിക്കുന്നതാണ് ജയരാജൻ സംഭവമെന്നാണ് നേതൃത്വത്തിൽ പലരുടെയും വിലയിരുത്തൽ. ബിജെപിയിൽ ചേരാനിരുന്നത് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ തന്നെയെന്ന് ശോഭ സുരേന്ദ്രൻ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയതിന് പിന്നാലെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. തെളിവുകളും ശോഭ പുറത്തുവിട്ടിരുന്നു.

Most Read| 124 വയസ്! ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തച്ഛൻ പെറുവിലുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE