മനുഷ്യാവകാശ ലംഘനം; ഇസ്രയേൽ സൈനിക വിഭാഗത്തെ ഉപരോധിക്കാൻ യുഎസ് നീക്കം

വെസ്‌റ്റ് ബാങ്കിൽ പലസ്‌തീൻ പൗരൻമാർക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ, ഇസ്രയേൽ പ്രതിരോധ സേനാ യൂണിറ്റായ നെത്‌സ യെഹൂദയ്‌ക്ക് ഉപരോധം ഏർപ്പെടുത്താനാണ് യുഎസ് നീക്കം നടത്തുന്നത്.

By Trainee Reporter, Malabar News
Netza Yehuda
ഇസ്രയേൽ പ്രതിരോധ സേനാ യൂണിറ്റായ നെത്‌സ യെഹൂദ (PIC: WSJ)
Ajwa Travels

വാഷിങ്ടൻ: ഇസ്രയേൽ പ്രതിരോധ സേനാ യൂണിറ്റായ നെത്‌സ യെഹൂദയ്‌ക്ക് ഉപരോധം ഏർപ്പെടുത്താൻ യുഎസ് ഒരുങ്ങുന്നതായി റിപ്പോർട്. വെസ്‌റ്റ് ബാങ്കിൽ പലസ്‌തീൻ പൗരൻമാർക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിലാണ് ഉപരോധം ഏർപ്പെടുത്തുന്നത്. ആദ്യമായാണ് ഇസ്രയേൽ സൈനിക യൂണിറ്റിനെതിരെ ഉപരോധം ഉൾപ്പടെയുള്ള നടപടികൾക്ക് ജോ ബൈഡൻ ഭരണകൂടം ആലോചിക്കുന്നത്.

ഉപരോധം ഏർപ്പെടുത്തിയാൽ 1997ലെ നിയമപ്രകാരം ബറ്റാലിയനും അതിലെ അംഗങ്ങൾക്കും അമേരിക്കയുടെ സൈനിക സഹായമോ പരിശീലനമോ ലഭിക്കില്ല. മനപ്പൂർവം മനുഷ്യാവകാശങ്ങൾ ലംഘിക്കുന്ന വിദേശ സുരക്ഷ, സൈനിക, പോലീസ് യൂണിറ്റുകൾക്ക് യുഎസ് സഹായവും പ്രതിരോധ വകുപ്പിന്റെ പരിശീലന പരിപാടികളും ഈ നിയമപ്രകാരം നിരോധിച്ചിട്ടുണ്ട്.

പ്രത്യേക സ്‌റ്റേറ്റ് ഡിപ്പാർട്ട്മെന്റ് സംഘം നടത്തിയ സമഗ്ര അന്വേഷണത്തെ തുടർന്നാണ് നെത്‌സ യെഹൂദ യൂണിറ്റിനെതിരെ ഉപരോധം ഏർപ്പെടുത്താൻ യുഎസ് തീരുമാനിച്ചതെന്നാണ് വിവരം. വെസ്‌റ്റ് ബാങ്കിൽ പ്രവർത്തിക്കുന്ന ഒന്നിലധികം ഇസ്രയേലി സൈനിക, പോലീസ് യൂണിറ്റുകളെ അമേരിക്കയുടെ സഹായം സ്വീകരിക്കുന്നതിൽ നിന്ന് അയോഗ്യരാക്കാൻ അന്വേഷണ സംഘം ശുപാർശ ചെയ്‌തിരുന്നു.

അതേസമയം, യുഎസ് നീക്കത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കടുത്ത അതൃപ്‌തിയിലാണ്. ബറ്റാലിയനെതിരെ ഉപരോധം ഏർപ്പെടുത്താൻ പാടില്ലെന്നും തീവ്രവാദത്തിനെതിരെ പടപൊരുതുന്ന സൈനികർക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്നത് അസംബന്ധവും അസൻമാർഗികവുമാണെന്നും പ്രധാനമന്ത്രി എക്‌സ് പ്ളാറ്റുഫോമിൽ കുറിച്ചു.

ഇസ്രയേൽ സൈന്യത്തിലെ തീവ്ര യാഥാസ്‌ഥിതികരായ കാലാൾപ്പടയാണ് നെത്‌സ യെഹൂദ. വിശ്വാസവുമായി ബന്ധപ്പെട്ട് യാതൊരു വിട്ടുവീഴ്‌ചയും കൂടാതെ സേനയെ സേവിക്കുന്നവർ മാത്രമാണ് ഈ വിഭാഗത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇവർക്ക് വനിതാ സൈനികരുമായി ഇടപഴുകാൻ അനുവാദമില്ല. മാത്രമല്ല, മതപഠനത്തിനും പ്രാർഥനക്കുമായി ഇവർക്ക് അധിക സമയം നൽകുന്നുണ്ട്.

പലസ്‌തീൻകാർക്ക് എതിരായ അതിക്രമങ്ങളുടെ പേരിൽ നെത്‌സ യെഹൂദക്കെതിരെ നേരത്തെയും ആരോപണങ്ങൾ ഉയർന്നിരുന്നു. ബറ്റാലിയൻ തടങ്കലിലാക്കിയ പലസ്‌തീൻ-അമേരിക്കൻ പൗരനായ 78-കാരൻ കൊല്ലപ്പെട്ടിരുന്നു. കൈവിലങ്ങിട്ട്, കണ്ണ് മൂടിക്കെട്ടി കൊടുംതണുപ്പിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഇയാളെ കണ്ടെത്തിയത്. 2022 ഡിസംബറിൽ, ഈ ബറ്റാലിയനെ വെസ്‌റ്റ് ബാങ്കിന് പുറത്തേക്ക് മാറ്റിയിരുന്നു. എന്നാൽ, സൈനികരുടെ പെരുമാറ്റവുമായി ബന്ധപ്പെട്ട പരാതികളെ തുടർന്നാണ് നടപടിയെന്ന റിപ്പോർട്ടുകൾ ഇസ്രയേൽ തള്ളിയിരുന്നു.

Most Read| നെസ്‌ലെക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഇന്ത്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE