ന്യൂഡെൽഹി: ഇന്ത്യയിൽ കൊവിഡ് വാക്‌സിൻ സ്വീകരിക്കുന്നവർക്ക് നൽകുന്ന വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് മോദിയുടെ ചിത്രം നീക്കിയതെന്നാണ് വിശദീകരണം. എന്നാൽ, ഇന്ത്യയിൽ ഉൾപ്പടെ വിതരണം ചെയ്‌ത കോവിഷീൽഡ് വാക്‌സിൻ പാർശ്വഫലങ്ങൾ ഉണ്ടാക്കുമെന്ന വിവാദത്തിനിടെയാണ് കേന്ദ്രത്തിന്റെ നടപടി.
എക്‌സ് ഉൾപ്പടെയുള്ള സാമൂഹിക മാദ്ധ്യമങ്ങളിൽ വന്ന പോസ്‌റ്റുകളിലാണ് വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദി അപ്രത്യക്ഷമായെന്ന വിവരം ആദ്യമെത്തിയത്. കൊറോണ വൈറസിനെതിരെ ഇന്ത്യയുടെ കൂട്ടായ പോരാട്ടം എന്നെഴുതിയ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രവും നേരത്തെ ഉണ്ടായിരുന്നു. നിലവിൽ, കൊവിഡ് 19-നെതിരെ ഇന്ത്യ ഒരുമിച്ചു പോരാടും എന്ന സർട്ടിഫിക്കറ്റിൽ നിന്ന് നീക്കം ചെയ്‌തെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്.
നേരത്തെ 2022ൽ അഞ്ച് സംസ്‌ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ, പഞ്ചാബ് എന്നീ സംസ്‌ഥാനങ്ങളിലെ കൊവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ട് മാറ്റിയിരുന്നു.
കൊവിഡ് വാക്‌സിന് ഗുരുതര പാർശ്വഫലങ്ങൾ ഉണ്ടെന്ന് യുകെ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ അസ്‌ട്രോസെനക കോടതിയിൽ തുറന്ന് സമ്മതിച്ചിരുന്നു. കൊവിഡ് സമയത്ത് ഇന്ത്യയിലും ലോകത്തെ മറ്റു രാജ്യങ്ങളിലും വ്യാപകമായി ഉപയോഗിച്ച കോവിഷീൽഡ്, വാക്‌സ്‌വെരിയ എന്നീ വാക്‌സിനുകളുടെ നിർമാതാക്കളാണ് അസ്‌ട്രോസെനക. ഈ സാഹചര്യത്തിലാണ് വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്നും മോദി ചിത്രം നീക്കാനുള്ള തീരുമാനമെന്നാണ് വിലയിരുത്തൽ.
യുകെ ഹൈക്കോടതിയിൽ നടക്കുന്ന കേസിൽ, ആദ്യം വാക്‌സിന് പാർശ്വഫലങ്ങൾ ഇല്ലെന്ന് വാദിച്ച കമ്പനി, പിന്നീട് ആ നിലപാട് മാറ്റി വാക്‌സിൻ ചില അവസരങ്ങളിൽ ഗുരുതര പാർശ്വഫലങ്ങൾക്ക് കാരണമാകുമെന്ന് തുറന്ന് സമ്മതിക്കുകയായിരുന്നു. അപൂർവം അവസരങ്ങളിൽ മസ്‌തിഷ്‌കാഘാതം, ഹൃദയാഘാതം എന്നിവക്ക് കാരണമാകാമെന്നാണ് കമ്പനി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്‌തമാക്കിയിരിക്കുന്നത്. കൂടാതെ, കോവിഷീൽഡ് വാക്‌സിനെടുത്ത അപൂർവം ചിലരിൽ രക്‌തം കട്ടപിടിക്കുകയും പ്ളേറ്റ്‌ലെറ്റ് കൗണ്ട് കുറയുകയും ചെയ്യുന്ന ടിടിഎസ് എന്ന അവസ്‌ഥ ഉണ്ടാകാമെന്നുമാണ് കമ്പനിയുടെ വെളിപ്പെടുത്തൽ.
Most Read| ഊട്ടി-കൊടൈക്കനാൽ യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി മദ്രാസ് ഹൈക്കോടതി