തിരുവനന്തപുരം: മാസങ്ങളായി പരിഗണനയിൽ ഉണ്ടായിരുന്ന ഭൂപതിവ് നിയമഭേദഗതി ബിൽ അടക്കം അഞ്ച് ബില്ലുകളിൽ ഒപ്പുവെച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭൂപതിവ് നിയമഭേദഗതി ബിൽ, നെൽ വയൽ നീർത്തട ഭേദഗതി ബിൽ, ക്ഷീരസഹകരണ ബിൽ, സഹകരണ നിയമഭേദഗതി ബിൽ, അബ്‌കാരി നിയമഭേദഗതി ബിൽ എന്നീ ബില്ലുകളിലാണ് ഗവർണർ ഒപ്പുവെച്ചിരിക്കുന്നത്.
അതേസമയം, സർക്കാരുമായി അഭിപ്രായ വ്യത്യാസമുള്ള സർവകലാശാല നിയമഭേദഗതി ബിൽ രാഷ്‌ട്രപതിയുടെ പരിഗണനയിലാണ്. വിവാദങ്ങൾ ഇല്ലാത്ത ബില്ലുകളിലാണ് ഇപ്പോൾ ഒപ്പുവെച്ചിരിക്കുന്നത്. രാജ്ഭവന്റെ പരിഗണനയിൽ ഉണ്ടായിരുന്ന മുഴുവൻ ബില്ലുകൾക്കും ഇതോടെ അനുമതിയായി. കൂട്ടത്തിൽ ഭൂപതിവ് ഭേദഗതി ബില്ല് ഏറെ പ്രധാനമാണ് ഈ ബില്ല് പാസാക്കാത്തതിനെതിരെ സിപിഎം പ്രതിഷേധം ഉൾപ്പടെ നടത്തിയിരുന്നു. മറ്റു പാർട്ടികളും ഇതിനെതിരെ ശബ്‌ദം ഉയർത്തിയിരുന്നു.
ഇടുക്കിയിലെ കർഷകർ ആശങ്ക ഉന്നയിച്ച സാഹചര്യത്തിൽ ഭൂഭേദഗതി ബില്ലിൽ മാത്രമായിരുന്നു ഗവർണർ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടിയിരുന്നത്. അതിൽ പഠനം നടത്തി റിപ്പോർട് സമർപ്പിച്ചിരുന്നു. റിപ്പോർട്ടിൽ ബില്ല് തടഞ്ഞുവെക്കേണ്ട തരത്തിൽ മറ്റു ആശങ്ക ഉണ്ടായിരുന്നില്ലെന്ന് മനസിലാക്കിയാണ് ഗവർണർ ഒടുവിൽ ഒപ്പുവെച്ചത്.
പട്ടയഭൂമി കാർഷിക ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാവൂ എന്ന രീതിയാണ് ഈ ബില്ല് കൊണ്ട് മാറുക. എന്നാൽ, ബില്ലിനെതിരെയും പല വിമർശനങ്ങളും ഉയർന്നിരുന്നു. ഇടുക്കിയിലെ കയ്യേറ്റങ്ങൾക്ക് കുട പിടിക്കാനാണ് ബില്ല് പാസാക്കിയെടുക്കുന്നത് എന്നായിരുന്നു പ്രധാനമായും ഉയർന്നുവന്ന ആക്ഷേപം. പരിസ്‌ഥിതി പ്രവർത്തകരടക്കം എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ, നിലവിലുള്ള ഭൂപതിവ് നിയമം 60 വർഷം പഴക്കമുള്ളതാണെന്നും കാലാനുസൃതമായ പരിഷ്‌കാരങ്ങൾ ഇതിൽ ആവശ്യമാണെന്നുമാണ് സർക്കാർ വാദം.
Most Read| പൊതുസ്‌ഥലത്തെ യുഎസ്ബി ഫോൺ ചാർജിങ് പോർട്ടുകൾ ഉപയോഗിക്കരുത്; മുന്നറിയിപ്പ്