ടെഹ്റാൻ: താൽക്കാലിക വെടിനിർത്തൽ കരാർ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തിക്കൊണ്ട് ഇറാനും യുഎസും തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടൽ തുടരുന്നത്. ഹോർമുസ് കടലിടുക്കിൽ വീണ്ടും ആക്രമണം ഉണ്ടായി.
ഇറാന്റെ രണ്ട് ഡ്രോണുകൾ തകർത്തതായി യുഎസ് സെൻട്രൽ കമാൻഡ് അവകാശപ്പെട്ടു. ശനിയാഴ്ച വൈകിയായിരുന്നു സംഭവം. തിരിച്ചുവരാൻ കഴിയാത്തവിധം ലക്ഷ്യസ്ഥാനത്ത് പതിച്ച് സ്ഫോടനം സൃഷ്ടിക്കാൻ രൂപകൽപ്പന ചെയ്ത ‘വൺ വേ അറ്റാക്ക് ഡ്രോണുകളാണ്’ വെടിവെച്ചിട്ടതെന്ന് സെൻട്രൽ കമാൻഡ് അറിയിച്ചു.
ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര വ്യാപാര കപ്പലുകളുടെ സുരക്ഷയ്ക്ക് ഇവ വലിയ വെല്ലുവിളി ആയിരുന്നുവെന്ന് യുഎസ് ചൂണ്ടിക്കാട്ടുന്നു. അതേസമയം, ഡ്രോണുകൾ വെടിവെച്ചിട്ടെന്ന യുഎസ് അവകാശവാദത്തോട് ഇറാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ശക്തമായി തുടരുകയാണ്. കഴിഞ്ഞദിവസം ഇറാന്റെ സമുദ്രപരിധിയിൽ പ്രവേശിച്ച അമേരിക്കൻ ഡ്രോൺ വെടിവെച്ചിട്ടതായി ഐആർജിസി വ്യക്തമാക്കിയിരുന്നു. ഇതിന് തിരിച്ചടിയായി ഇറാന്റെ തീരദേശ റഡാർ കേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണം നടത്തുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് ശനിയാഴ്ച വീണ്ടും രണ്ട് ഡ്രോണുകൾ കൂടി വെടിവെച്ചിട്ടതായി യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കിയത്. അതേസമയം, ഡ്രോൺ ആക്രമണങ്ങൾ നടക്കുന്നതിനിടയിലും, സമാധാന ചർച്ചകൾക്കായി പാക്ക് ആഭ്യന്തര മന്ത്രി മുഹ്സിൻ നഖ്വി ടെഹ്റാനിലെത്തി. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി മറ്റും ചർച്ച നടക്കും.
Most Read| പാചകവാതക വില വീണ്ടും വർധിപ്പിച്ചു; ഇന്ന് മുതൽ പ്രാബല്യത്തിൽ






































