കൊല്ലം: കരുനാഗപ്പള്ളിയിൽ വാഹനാപകടത്തിൽപ്പെട്ട വയോധികനെ കാർ ഡ്രൈവർ ഒന്നര കിലോമീറ്റർ റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയ സംഭവത്തിൽ പ്രതിക്കെതിരെ പോലീസ് നരഹത്യക്ക് കേസെടുത്തു. കടത്തൂർ സ്വദേശി ഷാജഹാനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത്.
അതേസമയം, മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് ഭിക്ഷാടനം നടത്തിവരുന്ന വയോധികനാണ് മരിച്ചത്. വെള്ളിയാഴ്‌ച രാത്രി കരുനാഗപ്പള്ളി വവ്വാക്കാവിലാണ് സംഭവം. ദേശീയപാതയുടെ സമീപത്തുള്ള റോഡിലേക്ക് കയറിയ സമയത്താണ് വയോധികൻ കാറിന് മുന്നിൽപ്പെട്ടത്.
വയോധികനെ കാറിടിച്ചതിന് പിന്നാലെ ഡ്രൈവർ നിർത്താതെ പോവുകയായിരുന്നു. കാറിനടിയിൽപ്പെട്ട വയോധികനെ വലിച്ചു കൊണ്ടുപോവുകയും വീട് എത്തുന്നതിന് ഏകദേശം 200 മീറ്റർ അകലെ ഇയാളെ ഉപേക്ഷിക്കുകയും ആയിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
വഴിയിൽ കിടന്ന വയോധികനെ നാട്ടുകാർ ചേർന്ന് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്നലെ പുലർച്ചെയാണ് ഇയാൾ മരിച്ചത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പച്ചക്കറി വ്യാപാരം നടത്തുന്ന ഷാജഹാനാണ് വാഹനം ഓടിച്ചതെന്ന് പോലീസ് കണ്ടെത്തിയത്.
Most Read| സ്‌റ്റാർഷിപ്പ് പേടകത്തെ വിജയകരമായി തിരിച്ചിറക്കി; 22 മണിക്കൂർ ഭൂമിയെ ചുറ്റി

































