മസ്‌കത്ത്: ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരനെ കാണാതായി. പനാമ പതാക വഹിക്കുന്ന ‘താര ഗ്യാസ്’ എന്ന കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്. കപ്പലിൽ ഉണ്ടായിരുന്ന 24 ജീവനക്കാരെ സുരക്ഷിതമായി ഒമാനിലെ ഖസബിൽ കരയ്‌ക്കെത്തിച്ചു. കാണാതായ നാവികനായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
കാണാതായ ഇന്ത്യൻ നാവികനെ കണ്ടെത്താൻ കപ്പൽ മാനേജ്മെന്റ് കമ്പനിയുമായും പ്രാദേശിക രക്ഷാപ്രവർത്തകരുമായും ചേർന്ന് ശ്രമങ്ങൾ തുടരുകയാണെന്ന് കേന്ദ്ര തുറമുഖ, ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ അറിയിച്ചു. രക്ഷപ്പെട്ട ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാനും ആവശ്യമായ സഹായങ്ങൾ നൽകാനും കേന്ദ്ര സർക്കാർ ഇടപെടുന്നുണ്ടെന്നും മന്ത്രി വ്യക്‌തമാക്കി.
ഇന്നലെ രാത്രി യുഎഇ സമയം ഏകദേശം 11 മണിയോടെയാണ് കപ്പലിന് നേരെ ആദ്യ ആക്രമണം നടന്നത്. ഒമാനിലെ ഖസബിന് വടക്ക് ഏഴ് നോട്ടിക്കൽ മൈൽ അകലെയായിരുന്നു സംഭവം. യുണൈറ്റഡ് കിങ്‌ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സെന്ററാണ് ആക്രമണവിവരം പുറത്തുവിട്ടത്.
ആദ്യ ആക്രമണത്തിൽ കപ്പലിന്റെ എൻജിൻ റൂമിൽ തീപിടിത്തമുണ്ടാവുമായും കപ്പൽ പ്രവർത്തനരഹിതമാവുകയും ചെയ്‌തിരുന്നു. അന്ന് ജീവനക്കാർ സുരക്ഷിതരാണെന്നായിരുന്നു വിവരം. എന്നാൽ, ഇന്ന് കപ്പലിന് നേരെ വീണ്ടും ആക്രമണം ഉണ്ടായി. വീണ്ടും തീപിടിത്തം ഉണ്ടായതോടെ ജീവനക്കാർ കപ്പൽ ഉപേക്ഷിക്കുകയായിരുന്നു.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹോർമുസിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സെന്റർ ജാഗ്രതാ നിർദ്ദേശം നൽകി. സംശയാസ്‌പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്. മേഖലയിലെ വാണിജ്യ കപ്പലുകളുടെയും നാവികരുടെയും സുരക്ഷയെ കുറിച്ച് പുതിയ ആക്രമണം ആശങ്ക ഉയർത്തുകയാണ്.
Most Read| കേരള സ്‌റ്റാർട്ടപ്പ് മിഷന്റെ തലപ്പത്ത് ആദ്യമായി വനിത; ജൂബി ജോസ് പുതിയ സാരഥി










































