ന്യൂഡെൽഹി: സാമൂഹിക മാദ്ധ്യമലോകത്തെ സ്വാധീന വ്യക്‌തിത്വമായ ബോബി കതാരിയയുടെ വൈറലായ വീഡിയോയിൽ കാണുന്ന ലൈറ്റർ ഉപയോഗിച്ച് സിഗരറ്റ് കത്തിക്കുകയും തുടർന്ന് പുക വലിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പഴയ സംഭവമെന്ന് എയർലൈൻ കമ്പനി വിശദീകരിക്കുന്നു.
വിഷയത്തിൽ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും പ്രതികരിച്ചിരുന്നു. സംഭവം അന്വേഷിക്കുകയാണെന്നും ഇത്തരം പെരുമാറ്റങ്ങളോട് സഹിഷ്‌ണുത ഉണ്ടാകില്ലെന്നും ഇദ്ദേഹവും പ്രതികരിച്ചിരുന്നു. വീഡിയോ പഴയതാണെന്നും ബോബിക്കെതിരെ ഉചിതമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി വിഭാഗവും പ്രതികരിച്ചു.
2022 ജനുവരി 23ന് ദുബായിൽ നിന്ന് ഡെൽഹിയിലെത്തിയ സ്‌പൈസ് ജെറ്റ് വിമാനത്തിലായിരുന്നു സംഭവം. അപകടകരമാം വിധം വിമാനത്തിലെ സീറ്റിൽ കിടക്കുകയും ലൈറ്റർ ഉപയോഗിച്ച് സിഗരറ്റ് കത്തിക്കുകയും തുടർന്ന് പുക വലിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വൈറലായിരുന്നത്.
വിമാനത്തിൽ പുകവലിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നതിനപ്പുറം വിമാനത്തിൽ തീ പിടുത്തം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങൾക്കും കാരണമാകുന്നത് കൊണ്ടാണ് വിമാനത്തിൽ പുകവലി നിരോധിച്ചിട്ടുള്ളത്. വീഡിയോ തങ്ങളുടെ ശ്രദ്ധയിൽപെട്ട ദിവസംതന്നെ ഇക്കാര്യം വിശദമായി അന്വേഷിച്ചതായും ഗുരുഗ്രാം പോലീസിൽ ബോബിക്കെതിരെ പരാതി നൽകിയതായും സ്‌പൈസ് ജെറ്റ് വക്‌താവ് പ്രസ്‌താവനയിൽ പറഞ്ഞു.

ഇൻസ്‌റ്റഗ്രാമിൽ 6ലക്ഷത്തിൽ കൂടുതൽ ഫോളോവേഴ്‌സുള്ള ബോഡി ബിൽഡറാണ് ബോബി കതാരിയ തിരക്കേറിയ റോഡിന്റെ നടുവിൽ മേശയും കസേരയുമിട്ട് മദ്യപിക്കുക പോലുള്ള സംസ്‌കാരമില്ലായ്‌മയും തോന്നിവാസങ്ങളും വീഡിയോ വൈറലാക്കാൻ വേണ്ടി സ്‌ഥിരമായി ചെയ്യുന്ന ഇയാൾക്കെതിരെ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. നടുറോഡിൽ മദ്യം കഴിച്ചത് ഇൻസ്‌റ്റഗ്രാമിലൂടെ പ്രചരിപ്പിച്ചതിനും ബോബിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തിട്ടുണ്ട്.
Most Read: ‘കൊട്ട മധു’വായി പൃഥ്വിരാജ്