കൊയിലാണ്ടി: റെയിൽവേ സ്‌റ്റേഷന് സമീപം മുത്താമ്പി റോഡിൽ വീട് കുത്തിത്തുറന്ന് 30 പവനോളം സ്വർണം കവർന്നു. ഗീതാജ്‌ഞലിയിൽ തങ്കത്തിന്റെ വീട്ടിലാണ് മോഷണം നടന്നത്. വെള്ളിയാഴ്‌ച രാത്രിയായിരുന്നു സംഭവം.
വീടിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വീട്ടുകാർ സ്‌ഥലത്ത് ഉണ്ടായിരുന്നില്ല. ഇന്ന് രാവിലെ വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. മുൻവശത്തെ വാതിൽ കുത്തിത്തുറന്നാണ് മോഷ്‌ടാക്കൾ അകത്തുകയറിയത്.
വീടിനുള്ളിലെ മൂന്ന് മുറികളിലെയും അലമാരകളുടെ പൂട്ട് തകർത്ത് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. തങ്കത്തിന്റെ അമ്മയുടെ സ്വർണമാണ് നഷ്‌ടപ്പെട്ടത്. വീട്ടിൽ ഇലക്‌ട്രിക് വർക്ക് നടക്കുന്നതിനാൽ വൈദ്യുതി ബന്ധം താൽക്കാലികമായി വിച്‌ഛേദിച്ചിരുന്നു. അതുകൊണ്ടുതന്നെ സിസിടിവികൾ പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല.
കൊയിലാണ്ടി പോലീസ് സ്‌ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്‌ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. എസ്എച്ച്ഒ കിരൺ അശോകിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം



































