തിരുവനന്തപുരം: യുഎസ് ടെക്‌സസ് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന മെഡിക്കൽ കോഡിങ് കമ്പനിയായ കോറോ ഹെൽത്ത് കൊച്ചി, കോഴിക്കോട് ഓഫീസുകളിലായി ജോലി ചെയ്‌തിരുന്ന ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട വിഷയത്തിൽ നിർണായക ഇടപെടൽ നടത്തി വ്യവസായ മന്ത്രി പികെ. കുഞ്ഞാലിക്കുട്ടി.
പിരിച്ചുവിട്ട ജീവനക്കാരെ കേരളത്തിലെ ഐടി കമ്പനികളുടെ കൂട്ടായ്‌മയായ ജി-ടെക് ഏറ്റെടുക്കുമെന്ന് മന്ത്രി വ്യക്‌തമാക്കി. സാധ്യമായത്ര ജീവനക്കാർക്ക് ജി-ടെക്കിന് കീഴിലുള്ള വിവിധ ഐടി കമ്പനികളിൽ പുതിയ തൊഴിൽ നൽകാനുള്ള നടപടികൾ ആരംഭിച്ചതായും മന്ത്രി അറിയിച്ചു. ജി-ടെക്കുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രഖ്യാപനം.
ജീവനക്കാർക്ക് അവരുടെ യോഗ്യതക്കും മുൻപരിചയത്തിനും അനുയോജ്യമായ തൊഴിലവസരങ്ങൾ കണ്ടെത്തുന്നതിന്റെ ഭാഗമായി കൊറോ ഹെൽത്തിൽ നിന്ന് ജീവനക്കാരുടെ വിശദവിവരങ്ങൾ ജി-ടെക് തേടിയിട്ടുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തിൽ ജീവനക്കാർക്കുണ്ടായ പ്രയാസങ്ങൾ പരിഹരിക്കാൻ സർക്കാർ വിഷയം കൃത്യമായി പിന്തുടരുമെന്നും ആവശ്യമായ പിന്തുണ നൽകുമെന്നും മന്ത്രി ഉറപ്പ് നൽകി.
കോറോ ഹെൽത്ത് കൊച്ചി, കോഴിക്കോട് ഓഫീസുകളിലായി ജോലി ചെയ്‌തിരുന്ന എണ്ണൂറിലധികം ജീവനക്കാരെയാണ് യാതൊരുവിധ മുന്നറിയിപ്പും നൽകാതെ കഴിഞ്ഞ വെള്ളിയാഴ്‌ച ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. അന്നുമുതൽ സർക്കാർ വിഷയത്തിൽ ഇടപെടുന്നുണ്ടെങ്കിലും കമ്പനി നിലപാടുമായി മുന്നോട്ടു പോവുകയായിരുന്നു.
തൊഴിൽ മന്ത്രി ബിന്ദു കൃഷ്‌ണയുടെ നേതൃത്വത്തിൽ നടന്ന അനുരഞ്‌ജന ചർച്ചയിലും തീരുമാനമായില്ല. ആഗോള സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി കേരളത്തിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നെന്ന നിലപാടിൽ കമ്പനി ഉറച്ചുനിന്നതോടെയാണ് ചർച്ച വഴിമുട്ടിയത്. ഈമാസം 20ന് കമ്പനിയുടെ യുഎസ് ആസ്‌ഥാനമായുള്ള ഉന്നത മാനേജ്മെന്റ് പ്രതിനിധികളുമായി സർക്കാർ വീണ്ടും ചർച്ച നടത്തും.
Most Read| കുട്ടികൾക്ക് സോഷ്യൽ മീഡിയ വേണ്ട; നിരോധനം ഏർപ്പെടുത്തി യുഎഇ



































