കൊച്ചി: കൂട്ടപ്പിരിച്ചുവിടൽ നടപടികളിൽ കടുംപിടിത്തം തുടർന്ന് യുഎസ് കമ്പനി കോറോ ഹെൽത്ത്. ജോലിക്കായി എത്തിയ ജീവനക്കാരെ അകത്ത് പ്രവേശിപ്പിക്കാതെ അധികൃതർ ഗേറ്റിൽ തടഞ്ഞതായാണ് വിവരം. സർക്കാരുമായി ചർച്ച ചെയ്‌ത് അന്തിമതീരുമാനം ആകുന്നതുവരെ പിരിച്ചുവിടൽ നടപടികൾ മരവിപ്പിക്കും എന്നായിരുന്നു നേരത്തെയുള്ള ധാരണ.
എന്നാൽ, ഇത് പൂർണമായും ലംഘിച്ചുകൊണ്ടാണ് മാനേജ്മെന്റ് ഇന്ന് ജീവനക്കാരെ ഗേറ്റിൽ തടഞ്ഞത്. യുഎസ് ടെക്‌സസ് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന മെഡിക്കൽ കോഡിങ് കമ്പനിയായ കോറോ ഹെൽത്ത് കൊച്ചി, കോഴിക്കോട് ഓഫീസുകളിലായി ജോലി ചെയ്‌തിരുന്ന എണ്ണൂറിലധികം ജീവനക്കാരെയാണ് യാതൊരുവിധ മുന്നറിയിപ്പും നൽകാതെ വെള്ളിയാഴ്‌ച പെട്ടെന്ന് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്.
ഓഫീസിൽ ഒരുക്കിയ അപ്രതീക്ഷിത അനൗൻസ്മെന്റിലൂടെ ഇന്ന് നിങ്ങളുടെ അവസാനത്തെ ദിവസമാണ് എന്ന് അറിയിക്കുകയായിരുന്നു. കമ്പനിയുടെ ലോഗോ പോലുമില്ലാത്ത വെള്ള പേപ്പറിലാണ് പിരിച്ചുവിട്ടുകൊണ്ടുള്ള കത്ത് നൽകിയത്. പുതിയ ലേബർ കോഡ് അനുസരിച്ചാണ് നടപടിയെന്നാണ് കമ്പനിയുടെ വിശദീകരണമെങ്കിലും കേരളത്തിൽ ലേബർ കോഡ് വ്യവസ്‌ഥകൾ ഇതുവരെ നടപ്പാക്കിയിട്ടില്ലാത്തതിനാൽ ഈ നടപടി നിലവിലുള്ള നിയമങ്ങളുടെ ലംഘനമാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.
പെട്ടെന്നുള്ള പിരിച്ചുവിടലിനെ തുടർന്ന് കൊച്ചി ഓഫീസിന് മുന്നിൽ ജീവനക്കാർ പ്രതിഷേധിച്ചിരുന്നു. ഇതോടെ തൃക്കാക്കര എംഎൽഎ ഉമാ തോമസും ജില്ലാ ലേബർ ഓഫീസറും സ്‌ഥലത്തെത്തി ചർച്ചകൾ നടത്തുകയും സിഐടിയു അടക്കമുള്ള സംഘടനകൾ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു. തുടർന്ന് തൊഴിൽ മന്ത്രി ഇടപെട്ടാണ് തിങ്കളാഴ്‌ച ചർച്ച നിശ്‌ചയിച്ചതും അതുവരെ പിരിച്ചുവിടൽ മരവിപ്പിക്കാൻ കമ്പനി സമ്മതിച്ചതും.
ഇതിനിടെ, ജീവനക്കാരിൽ ചിലർക്ക് രണ്ടുമാസത്തേയും ചിലർക്ക് രണ്ടരമാസത്തേയും ശമ്പളം കമ്പനി അക്കൗണ്ടിൽ നിക്ഷേപിച്ചു. സർക്കാരുമായുള്ള ചർച്ചകൾക്ക് മുൻപ് തന്നെ നടപടിക്രമങ്ങൾ തീർക്കാൻ കമ്പനി ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഇതെന്നാണ് ജീവനക്കാർ ആരോപിക്കുന്നത്. അതിന് പിന്നാലെയാണ് ഇന്ന് ജീവനക്കാരെ പ്രവേശിപ്പിക്കാത്ത നടപടിയും.
നിലവിലെ പ്രതിസന്ധിയും ജീവനക്കാരുടെ ആശങ്കകളും നേരിട്ട് വിലയിരുത്തുന്നതിനായി ലേബർ കമ്മീഷണർ ഇന്ന് ജീവനക്കാരുമായി കൂടിക്കാഴ്‌ച നടത്തുന്നുണ്ട്. ചർച്ചകൾക്കായി തൊഴിൽ സെക്രട്ടറിയും കൊച്ചിയിൽ എത്തിയേക്കും. അതേസമയം, ഇന്ന് സർക്കാരുമായി നിശ്‌ചയിച്ചിരുന്ന ചർച്ചയ്‌ക്കില്ലെന്നും ബുധനാഴ്‌ച ചർച്ചയാവാമെന്നുമാണ് കമ്പനി അധികൃതർ ഇപ്പോൾ അറിയിച്ചിട്ടുള്ളത്. ഇതനുസരിച്ചു തൊഴിൽ മന്ത്രി ബിന്ദു കൃഷ്‌ണയുടെ നേരിട്ടുള്ള നേതൃത്വത്തിൽ ബുധനാഴ്‌ച നിർണായക ചർച്ച നടക്കും.
Most Read| റോഡിൽ വീണ മാങ്ങ എടുക്കല്ലേ, പിടിവീഴും! ഇന്ത്യക്കാരിയുടെ വീഡിയോ വൈറലാകുന്നു

































