ശബരിമല നെയ്യ് ക്രമക്കേട്; അന്വേഷിക്കാൻ പ്രത്യേക സംഘം, റിപ്പോർട് പത്ത് ദിവസത്തിനകം

2025-26 കാലയളവിൽ ശബരിമലയിലേക്ക് മിൽമയിൽ നിന്ന് നെയ്യ് വാങ്ങിയതിലൂടെ ദേവസ്വം ബോർഡിന് 2.27 കോടി രൂപയുടെ നഷ്‌ടം ഉണ്ടായെന്നാണ് ദേവസ്വം വിജിലൻസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്.

By Senior Reporter, Malabar News
sabarimala rush 

കൊച്ചി: ശബരിമല മിൽമ നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ അന്വേഷിക്കാൻ സർക്കാർ പ്രത്യേക വിജിലൻസ് അന്വേഷണ സംഘത്തെ രൂപീകരിച്ചു. വിജിലൻസ് എറണാകുളം സ്‌പെഷ്യൽ സെൽ എസ്‌പി. എംജെ സോജന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് അന്വേഷണം നടത്തുക.

ഇക്കാര്യം വിജിലൻസ് ഡയറക്‌ടർ മനോജ് ഏബ്രഹാം ഇന്ന് ഹൈക്കോടതിയെ അറിയിച്ചു. അഞ്ച് അംഗങ്ങളാണ് വിജിലൻസ് എസ്‌പിക്ക് പുറമെ ടീമിലുള്ളത്. വിജിലൻസ് ഡിവൈഎസ്‌പി സിഎസ് ഹരിയാണ് അന്വേഷണ ഉദ്യോഗസ്‌ഥൻ. സജി ശങ്കർ, എഎസ്. ശ്രീജിത്ത്, ടിആർ കിരൺ, രതീന്ദ്രകുമാർ എന്നീ നാല് ഇൻസ്‌പെക്‌ടർമാരും സംഘത്തിലുണ്ട്.

നെയ്യ് ക്രമക്കേടിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്താൻ നേരത്തെ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. വിജിലൻസ് എസ്‌പി നൽകിയ മൂന്ന് എസ്‌പിമാരുടെ പാനലിൽ നിന്നാണ് കോടതി സോജനെ തിരഞ്ഞെടുത്തത്. അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട് പത്ത് ദിവസത്തിനുള്ളിൽ ദേവസ്വം ബെഞ്ചിന് സമർപ്പിക്കണമെന്ന് കോടതിയുടെ കർശന നിർദ്ദേശമുണ്ട്.

2025-26 കാലയളവിൽ ശബരിമലയിലേക്ക് നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ നടന്നെന്നാണ് ആരോപണം. ലിറ്ററിന് 369 രൂപയ്‌ക്ക് നെയ്യ് നൽകാനാകുമെന്ന് ടെൻഡറിൽ പങ്കെടുത്ത തമിഴ്‌നാട്ടിലെ സ്‌ഥാപനം അറിയിച്ചിരുന്നു. ഗുണനിലവാര പരിശോധനയും നടത്തി.

എന്നാൽ, മികച്ചത് മിൽമയുടെ നെയ്യാണെന്ന എക്‌സിക്യൂട്ടീവ് ഓഫീസറുടെ കത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ ലിറ്ററിന് 510 രൂപയ്‌ക്ക് മിൽമയുടെ നെയ്യ് വാങ്ങാൻ ബോർഡ് തീരുമാനിച്ചത്. ഒരു യൂണിറ്റ് അരവണയ്‌ക്ക് 10 ലിറ്റർ നെയ്യുടെ സ്‌ഥാനത്ത്‌, മിൽമ നെയ്യ് ഏഴ് ലിറ്റർ മതിയാകുമെന്നാണ് എക്‌സിക്യൂട്ടീവ് ഓഫീസർ ബോർഡിനെ അറിയിച്ചത്.

കൂടിയ തുകയടക്കം ചൂണ്ടിക്കാട്ടി ദേവസ്വം കമ്മീഷണർ എതിർത്തെങ്കിലും ബോർഡ് പ്രസിഡണ്ടായിരുന്ന പിഎസ് പ്രശാന്തും അംഗം അജികുമാറും മിൽമയെ അനുകൂലിക്കുകയും മറ്റു ടെൻഡറുകൾ റദ്ദാക്കുകയും ചെയ്‌തു.

മിൽമയിൽ നിന്ന് നെയ്യ് വാങ്ങിയതിലൂടെ ദേവസ്വം ബോർഡിന് 2.27 കോടി രൂപയുടെ നഷ്‌ടം ഉണ്ടായെന്നാണ് ദേവസ്വം വിജിലൻസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. സന്നിധാനത്ത് നെയ്യ് ലഭ്യമായപ്പോൾ ഗുണമേൻമാ പരിശോധനകൾ നടത്തിയത് സംബന്ധിച്ച് രേഖകളിൽ നിന്ന് വ്യക്‌തമാകുന്നില്ലെന്ന് വിജിലൻസ് ഓഫീസർ അറിയിച്ചിരുന്നു.

നെയ്യ് പൂർണമായും ശബരിമലയിൽ എത്തിച്ചോ എന്നതിനെ സംബന്ധിച്ചും സംശയമുണ്ട്. പൂണെയിലെ ഡയറിയിൽ നിന്ന് മിൽമ നെയ്യ് വാങ്ങിയതിനെ കുറിച്ചും വിജിലൻസ് ഓഫീസർ റിപ്പോർട് നൽകിയിരുന്നു. തുടർന്നാണ് ഹൈക്കോടതി ഇക്കാര്യത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്താൻ വിജിലൻസിന് നിർദ്ദേശം നൽകിയത്.

Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE