കൊച്ചി: ശബരിമലയിൽ മണ്ഡലകാലത്ത് വാങ്ങിയ മിൽമ നെയ്യിൽ ക്രമക്കേട് ഉണ്ടായെന്ന കേസിൽ ദേവസ്വം വിജിലൻസ് എസ്പി തിരുവിതാംകൂർ ദേവസ്വം ബോർഡിന് അന്തിമ അന്വേഷണ റിപ്പോർട് സമർപ്പിച്ചു. കേസിൽ വിശദമായ തുടരന്വേഷണം വേണമെന്ന് റിപ്പോർട്ടിൽ ബോർഡിനോട് ശുപാർശ ചെയ്തിട്ടുണ്ട്.
മിൽമയിൽ നിന്ന് വാങ്ങിയ നെയ്യ് ശബരിമലയിൽ നിന്ന് എത്തിക്കുന്നതിന് മുൻപ് മാറ്റിയതായാണ് കണ്ടെത്തൽ. ഓർഡർ ചെയ്ത നെയ്യ് പൂർണമായി എത്തിയിട്ടില്ലെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. നെയ്യ് എത്തിക്കുന്നതിനുള്ള കരാർ ലഭിക്കുന്നതിനായി കരാറുകാരൻ കുറഞ്ഞ തുക ക്വോട്ട് ചെയ്തത് കേസിൽ ദുരൂഹത വർധിപ്പിക്കുന്നുണ്ട്.
ദേവസ്വം വിജിലൻസ് കണ്ടെത്തലിൽ പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധന നടത്തും. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ പങ്കിനെ കുറിച്ചും അന്വേഷിക്കും. വിജിലൻസ് എസ്പി എംജെ സോജന്റെ നേതൃത്വത്തിലാണ് നെയ്യ് ക്രമക്കേടിന് കുറിച്ച് അന്വേഷണം നടക്കുന്നത്. പിഎസ് പ്രശാന്ത്, എം അജികുമാർ, മുരാരി ബാബു എന്നിവരാണ് കേസിലെ പ്രതികൾ.
കുറഞ്ഞ വിലയ്ക്ക് നെയ്യ് നൽകാമെന്ന തമിഴ്നാട് സ്ഥാപനത്തിന്റെ വാഗ്ദാനം തള്ളി മിൽമയിൽ നിന്ന് നെയ്യ് വാങ്ങിയതിലൂടെ ദേവസ്വം ബോർഡിന് 2.27 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് ദേവസ്വം വിജിലൻസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്.
മുൻ എക്സിക്യൂട്ടീവ് ഓഫീസർ അന്തരിച്ച മുരാരി ശുപാർശയിലാണ് മിൽമയുടെ നെയ്യ് വാങ്ങിയത്. കൂടിയ തുകയടക്കം ചൂണ്ടിക്കാട്ടി ദേവസ്വം കമ്മീഷണർ എതിർത്തെങ്കിലും ബോർഡ് പ്രസിഡണ്ടായിരുന്ന പിഎസ് പ്രശാന്തും അംഗം അജികുമാറും മിൽമയെ അനുകൂലിക്കുകയും മറ്റു ടെൻഡറുകൾ റദ്ദാക്കുകയും ആയിരുന്നു.
Most Read| സദാസമയവും ഇളകിമറിയുന്ന കിണർ! അത്ഭുത പ്രതിഭാസം, കാരണംതേടി ശാസ്ത്രജ്ഞർ



































