കൊച്ചി: അമേരിക്കയിലെ കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. തൃശൂർ മണ്ണുത്തി മുടിക്കോട് തെക്കൂട്ട് വീട്ടിൽ ഹരിദാസന്റെയും സുഷമയുടെയും മകൾ അഞ്ജന (35), തിരുവനന്തപുരം സ്വദേശിനിയായ ആൻ മേരി മാത്യു (40) എന്നിവരുടെ മൃതദേഹങ്ങളാണ് നാട്ടിലെത്തിച്ചത്.
കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹങ്ങൾ തുടർനടപടി പൂർത്തിയാക്കി ബന്ധുക്കൾ ഏറ്റുവാങ്ങി. സാൻഫ്രാൻസിസ്കോയിൽ നിന്ന് ലോസ് ആഞ്ചലസ്, ദുബായ് വഴിയാണ് മൃതദേഹങ്ങൾ നെടുമ്പാശേരിയിൽ എത്തിച്ചത്.
ആൻ മേരി മാത്യുവിന്റെ മൃതദേഹം കോട്ടയത്തുള്ള ഭർതൃ വീട്ടിലേക്ക് കൊണ്ടുപോയി. ഇന്ന് മൃതദേഹം കോട്ടയത്തെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കും. നാളെ രാവിലെ 11 മണിക്ക് കോട്ടയത്തെ ഭർതൃവീട്ടിൽ സംസ്കാര ചടങ്ങുകൾ നടക്കും.
തൃശൂർ സ്വദേശിനിയായ അഞ്ജനയുടെ മൃതദേഹം വിലങ്ങന്നൂരിലെ ഭർതൃവീട്ടിൽ പൊതുദർശനത്തിന് വെച്ചു. വൈകുന്നേരത്തോടെ മൃതദേഹം മണ്ണുത്തിയിലെ സ്വന്തം വീട്ടിലെത്തിക്കും. അവിടെ ആയിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുക.
കാലിഫോർണിയയിലെ മിൽപിറ്റാസിലാണ് മലയാളി യുവതികളുടെ കൊലപാതകം നടന്നത്. ഓഗസ്റ്റ് 28ആം തീയതിയാണ് ക്രൂരമായ കൊലപാതകങ്ങൾ നടന്നത്. ഇവരുടെ സുഹൃത്തും മലയാളിയുമായ അനിലയാണ് കേസിലെ പ്രതി. അനില നിലവിൽ ജയിലിലാണ്.
അപ്പാർട്ട്മെന്റിൽ ഉണ്ടായിരുന്ന അഞ്ജനയെ ഫോണിൽ വിളിച്ചു താഴേക്ക് വരുത്തിയ ശേഷം കാറിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. ആനിനെ അപ്പാർട്ട്മെന്റിൽ വെച്ച് കുത്തികൊലപ്പെടുത്തുകയും ആയിരുന്നു.
Most Read| ഏഷ്യൻ ഗെയിംസ്; ഇന്ത്യക്ക് വെള്ളിത്തുടക്കം, ഷൂട്ടിങ്ങിൽ ഇരട്ട മെഡൽ






































