തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള തീരുമാനത്തിൽ മുഖ്യമന്ത്രി വിഡി. സതീശനെതിരെ അതൃപ്തി പരസ്യമാക്കി മുതിർന്ന കോൺഗ്രസ് നേതാവ് വിഎം. സുധീരൻ. നിയമസഭയിൽ പ്രൊപ്പോസൽ വരുന്നതിന് മുൻപ് തന്നെ പാർട്ടി തലത്തിലും മുന്നണി തലത്തിലും ചർച്ച നടത്തുകയായിരുന്നു വേണ്ടതെന്ന് സുധീരൻ പറഞ്ഞു.
ചർച്ച നടത്തി നയം രൂപീകരിച്ച ശേഷം നയത്തിന് രൂപം കൊടുത്തിരുന്നെങ്കിൽ ഈ പ്രശ്നങ്ങൾ ഇല്ലാതാകുമായിരുന്നു. വിഷയം വിവാദമായതിന് പിന്നാലെ യുഡിഎഫിൽ ചർച്ച ചെയ്ത് തീരുമാനം എടുക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. എന്നാൽ, ഒരു തീരുമാനം സഭയിൽ തന്നെ മുഖ്യമന്ത്രിക്ക് പറയാമായിരുന്നു എന്നും സുധീരൻ വ്യക്തമാക്കി.
മദ്യത്തിന്റെ വ്യാപനവും ഉപയോഗവും കുറയ്ക്കുകയും ലഹരിക്കെതിരെ പോരാട്ടം നടത്തുക എന്നതാണ് നയം. ലഹരിയുടെ വ്യാപനം മൂലം കേരളത്തിൽ ഇടക്കാലത്ത് മോശമായ അന്തരീക്ഷം ഉണ്ടായിട്ടുണ്ട്. പിണറായി സർക്കാർ മദ്യവ്യാപനം ശക്തിപ്പെടുത്തി യെന്നും സുധീരൻ പറഞ്ഞു.
ബജറ്റ് പ്രൊപ്പോസൽ വയ്ക്കുമ്പോൾ മദ്യവ്യാപനത്തിന് അവസരം ഒരുക്കുന്ന ഒരുതീരുമാനവും പാടില്ലാത്തതാണ്. വിഷയത്തിൽ ചില ഒറ്റപ്പെട്ട ശക്തികൾ ഒഴികെ രംഗത്തെത്തുകയുണ്ടായി. അതിലൊരു തീരുമാനം സഭാ സമ്മേളനത്തിൽ തന്നെ പറഞ്ഞിരുന്നെങ്കിൽ ഏറ്റവും നന്നാകുമായിരുന്നു.
ബജറ്റിന്റെ ഭാഗമായി അവതരിപ്പിക്കുന്ന ഫിനാൻസ് ബില്ല് അവതരിപ്പിക്കുമ്പോൾ ഈ പ്രൊപ്പോസൽ ഒഴിവാക്കണണം. അതാണ് ഏറ്റവും നല്ല രീതി. സർക്കാരിന്റെ വിശ്വാസ്യതയ്ക്ക് മങ്ങലേൽക്കുന്ന ഒരു തീരുമാനവും പാടില്ല. വലിയ ജനപിന്തുണ ലഭിച്ച സർക്കാരാണിത്. ഓരോ തീരുമാനത്തിലും സുതാര്യത നിലനിർത്തി മുന്നോട്ടുപോകണമെന്നും സുധീരൻ ആവശ്യപ്പെട്ടു.
Most Read| മകൾക്ക് കൂട്ടുപോയി; ബിരുദാനന്തര ബിരുദത്തിൽ ഒന്നാം റാങ്കോടെ ഷീജുവിന്റെ മടക്കം





































