കാരക്കസ്: മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഉണ്ടായ ഇരട്ട ഭൂചലനത്തിൽ ഞെട്ടിയിരിക്കുകയാണ് വെനസ്വേല. ദുരന്തഭൂമിയിൽ നിന്ന് ഇതുവരെ 235 മൃതദേഹങ്ങൾ കണ്ടെത്തി. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ 200ലധികം പേർ കുടുങ്ങികിടക്കുന്നു എന്നാണ് അധികൃതരുടെ നിഗമനം.
1500ലധികം പേർ പരിക്കുകളോടെ ആശുപത്രിയിലാണ്. പതിനായിരത്തിലേറെ പേരെ കാണാനില്ല. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിലയിരുത്തൽ. ബുധനാഴ്ച വൈകുന്നേരമാണ് മിനിറ്റുകളുടെ വേളയിൽ ഇരട്ട ഭൂചലനം രാജ്യത്ത് നാശം വിതച്ചത്. ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ ഭൂചലനമാണ് വെനസ്വേല നേരിട്ടത്.
200ലേറെ ബഹുനില കെട്ടിടങ്ങൾ നിലംപതിച്ചുവെന്നാണ് ഇതുവരെയുള്ള കണക്കുകൾ. കാരക്കസിൽ നിരവധി ബഹുനില കെട്ടിടങ്ങളും ഒരു ഹോട്ടലും പൂർണമായി തകർന്നു വീണു. മൃതദേഹങ്ങൾ കണ്ടെടുക്കുന്നതിന് പകരം കെട്ടിടങ്ങൾക്കുള്ളിൽ ജീവനോടെ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനാണ് ഊർജിത ശ്രമം നടക്കുന്നത്.
തലസ്ഥാനമായ കാരക്കസിന്റെ വടക്ക് സ്ഥിതി ചെയ്യുന്ന തീരമേഖലയായ ലാ ഗൈറയിലാണ് ഏറ്റവും കൂടുതൽ നാശമുണ്ടായത്. രാജ്യത്ത് നിലവിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. രക്ഷാപ്രവർത്തനം ഊർജിതമാക്കിയിട്ടുണ്ട്. മെക്സിക്കോ, ഖത്തർ, ബ്രസീൽ, സ്പെയിൻ, പോർച്ചുഗൽ, കാനഡ തുടങ്ങിയ വിദേശ രാജ്യങ്ങൾ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെനസ്വേലയ്ക്കെതിരെ തുടരുന്ന ഉപരോധം ഒക്ടോബർ 23 വരെ യുഎസ് നീക്കി. കൂടാതെ, 150 മില്യൺ ഡോളറിന്റെ സഹായവും അമേരിക്ക വാഗ്ദാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ ജനുവരി മുതൽ വെനസ്വേലൻ പ്രസിഡണ്ട് നിക്കോളാസ് മഡൂറോയും ഭാര്യയും അമേരിക്കയുടെ കസ്റ്റഡിയിലാണ്. നിലവിൽ അമേരിക്കൻ പിന്തുണയുള്ള ഭരണകൂടമാണ് വെനസ്വേലയിൽ ഉള്ളത്.
Most Read| മാസപ്പടിക്കേസ്; ഇഡി അന്വേഷണം ഒന്നാം പിണറായി സർക്കാരിലേക്കും




































