വാഷിങ്ടൻ: പശ്‌ചിമേഷ്യയെ മൂന്നുദിവസം കടുത്ത ഭീതിയിലാഴ്‌ത്തിയ യുഎസ്-ഇറാൻ സംഘർഷം അവസാനിക്കുന്നതായി സൂചന. മേഖലയിലെ വെടിനിർത്തൽ ധാരണ പോലും അനിശ്‌ചിതത്വത്തിലാക്കിയ നേരിട്ടുള്ള ഏറ്റുമുട്ടലുകൾ ഒഴിവാക്കാൻ ഇരുപക്ഷവും ധാരണയിലെത്തിയതായി രാജ്യാന്തര മാദ്ധ്യമമായ ആക്‌സിയോസ് റിപ്പോർട് ചെയ്‌തു.
അന്തിമ കരാറിലെത്തുന്നത് സംബന്ധിച്ച് ഈയാഴ്‌ച ഖത്തറിൽ വെച്ച് ചർച്ച തുടരുമെന്നും യുഎസിന്റെ ഉന്നത ഉദ്യോഗസ്‌ഥനെ ഉദ്ധരിച്ചുള്ള ആക്‌സിയോസിന്റെ റിപ്പോർട്ടിൽ പറയുന്നു. മാസങ്ങൾ നീണ്ട യുദ്ധം അവസാനിപ്പിച്ച് ഇടക്കാല സമാധാനക്കരാർ ഒപ്പുവെച്ച് ദിവസങ്ങൾക്കകം യുഎസും ഇറാനും ഇസ്രയേലും വെടിനിർത്തൽ ലംഘിച്ച് പരസ്‌പരം ആക്രമണം നടത്തിയത് വീണ്ടും മേഖലയിൽ യുദ്ധാന്തരീക്ഷം സൃഷ്‌ടിച്ചിരുന്നു.
പശ്‌ചിമേഷ്യയിലെ 8 യുഎസ് താവളങ്ങൾ തകർത്തതായി മണിക്കൂറുകൾക്ക് മുൻപ് ഇറാൻ അവകാശപ്പെട്ടു. ആക്രമണത്തിൽ ഷെൽ കഷണങ്ങൾ തറച്ച് ഒരു ഖത്തർ പൗരൻ കൊല്ലപ്പെട്ടു. ഇദ്ദേഹം ബോട്ടിൽ സഞ്ചരിക്കുമ്പോഴാണ് അപകടമുണ്ടായത്. ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്.
തെക്കൻ ഇറാനിലെ ഖിഷം ദ്വീപിലും സിരിക്, ബന്തർലൻക തീരനഗരങ്ങളിലും യുഎസ് ബോംബിട്ടതിന് പിന്നാലെ ഇന്നലെ ബഹ്‌റൈനിലും കുവൈത്തിലും ഇറാന്റെ ഡ്രോൺ, മിസൈൽ ആക്രമണം ഉണ്ടായി. നാലുമാസം പിന്നിട്ട യുദ്ധം അവസാനിപ്പിക്കാനായി രണ്ടാഴ്‌ച മുൻപ് ഒപ്പിട്ട ധാരണാപത്രം ലംഘിച്ചതായി ഇരുപക്ഷവും പരസ്‌പരം ആരോപിച്ചിരുന്നു.
Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം





































