പിറവം: എറണാകുളം പിറവം മൂവാറ്റുപുഴയാറിൽ കാണാതായ നാലംഗ കുടുംബത്തിലെ ഏഴുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് മൂത്ത കുട്ടിയായ ഏഴുവയസുകാരി ഹന്നമോളുടെ മൃതദേഹം കണ്ടെത്തിയത്.
പാലക്കാട് നെൻമാറ ഇലവഞ്ചേരി നാരായണൻ (45), ഭാര്യ പായിപ്ര പാലക്കാപറമ്പിൽ വിജിമോൾ (43), രണ്ടുവയസുള്ള മകൻ എന്നിവരുടെ മൃതദേഹങ്ങൾ നേരത്തെ കണ്ടെടുത്തിരുന്നു. ഇവരുടെ പോസ്‌റ്റുമോർട്ടം പൂർത്തിയായിട്ടുണ്ട്. സാമ്പത്തിക പ്രശ്‌നം മൂലമുള്ള കൂട്ട ആത്‍മഹത്യ ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ചെറുവട്ടൂരിൽ വാടക വീട്ടിലായിരുന്നു നാരായണനും കുടുംബവും താമസിച്ചിരുന്നത്. സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടായിരുന്നു. ഇതേത്തടുർന്ന് കുട്ടികൾക്കൊപ്പം നാരായണനും വിജിമോളും പുഴയിൽ ചാടിയതാണെന്നാണ് പോലീസ് നിഗമനം. കാഴ്‌ച പരിമിതിയുള്ളയാളാണ് വിജിമോൾ.
വെള്ളിയാഴ്‌ച വൈകീട്ടാണ് വിജിമോളുടെയും മകന്റെയും മൃതദേഹങ്ങൾ പുഴയിൽ കണ്ടെത്തിയത്. താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹങ്ങൾ രാത്രി വൈകി വിജിമോളുടെ സഹോദരനാണ് തിരിച്ചറിഞ്ഞത്. പോലീസ് അന്വേഷണം നടക്കുന്നതിനിടെ ഇന്നലെ ഉച്ചയോടെ ആറ്റുതീരം പാർക്കിങ് സമീപത്തുനിന്ന് നാരായണന്റെ മൃതദേഹവും കണ്ടെത്തി.
ഹന്നമോളുടെ മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. എക്‌സൈസ് ഓഫീസിന് സമീപത്തുള്ള കടവിൽ നിന്നാകാം ഇവർ പുഴയിൽ ചാടിയതെന്നാണ് നിഗമനം. കുട്ടികളുടെ ചെരുപ്പും വസ്‌ത്രങ്ങളും ഇന്നലെ പോലീസ് കടവിൽ നിന്ന് കണ്ടെടുത്തിരുന്നു. കൂലിപ്പണി ചെയ്യുകയായിരുന്നു നാരായണൻ.
Most Read| വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവ്; ധനബില്ലിന്റെ കരട് പ്രസിദ്ധീകരിച്ചു






































