ട്രാക്ക് സ്യൂട്ടും കോട്ടുമില്ല; നഗ്‌നപാദയായി മാരത്തണിൽ ഓടി ഒന്നാമതെത്തി രമാഭായ്

മഹാരാഷ്‌ട്ര സ്വദേശിനിയായ 47 വയസുകാരി രമാഭായ് ആണ് മക്കളുടെ പഠനത്തിന് ആവശ്യമായ പണം കണ്ടെത്താൻ മാരത്തണിൽ പങ്കെടുത്ത് ഒന്നാം സ്‌ഥാനം നേടിയത്.

By Senior Reporter, Malabar News
mother runs marathon barefoot to fund daughters' education
രമാഭായ് രൺവീർ / Image Courtesy: India Today

മക്കൾക്ക് വേണ്ടി മാതാപിതാക്കൾ ചെയ്യുന്ന ഓരോ കാര്യവും വിലമതിക്കാനാവാത്തതാണ്. സ്വന്തം ജീവൻ കൊടുത്തും മക്കളുടെ ആഗ്രഹങ്ങൾ സാധിപ്പിച്ചുകൊടുക്കുന്ന മാതാപിതാക്കൾ ലോകത്തുണ്ട്. അത്തരത്തിൽ മക്കളുടെ പഠനത്തിന് ആവശ്യമായ പണം കണ്ടെത്താൻ വ്യത്യസ്‌തമായ ഒരു മാർഗം കണ്ടെത്തി വിജയിച്ചിരിക്കുകയാണ് ഒരമ്മ.

പേര് രമാഭായ് രൺവീർ, വയസ് 47, സ്വദേശം മഹാരാഷ്‌ട്രയിലെ ബേഡ് ജില്ലയിലെ അംബജോഗായ്. മക്കളുടെ പഠനം മുടങ്ങാതിരിക്കാൻ സാരിയും ഉടുത്ത് നഗ്‌നപാദയായി മാരത്തോണിൽ പങ്കെടുത്ത് ഒന്നാം സ്‌ഥാനം കരസ്‌ഥമാക്കിയിരിക്കുകയാണ് രമാഭായ്. 3000 രൂപയാണ് രമാഭായിക്ക് ഇതുവഴി ലഭിച്ചത്. പോലീസ് റിക്രൂട്ട്മെന്റ് പരീക്ഷയ്‌ക്ക് തയ്യാറെടുക്കുന്ന മകൾ പൂജ രണ്ടാം സ്‌ഥാനവും നേടി.

പ്രാദേശിക സംഘടന നടത്തിയ അമൃത് ദൗഡ് മാരത്തൺ മൽസരത്തിലാണ് അമ്മയും മകളും പങ്കെടുത്തത്. ട്രാക്ക് സ്യൂട്ടും കോട്ടുമിട്ട് ഓടാനെത്തിയ യുവതലമുറയ്‌ക്കൊപ്പമാണ് സാധാരണ സാരിയും ചെരിപ്പുമിട്ട് രമാഭായ് ഓടാൻ തയ്യാറായത്. എന്ത് വന്നാലും മൽസരത്തിൽ നിന്ന് പിൻമാറില്ലെന്ന് മനസിൽ ദൃഢനിശ്‌ചയം എടുത്തിരുന്നു. എന്നാൽ, ഓട്ടം തുടങ്ങിയതിന് പിന്നാലെ കാലിലെ ചെരിപ്പ് ഊരിപ്പോകാൻ തുടങ്ങിയതോടെ രമാഭായ് ചെരുപ്പൂരി കൈയിൽ പിടിച്ച് നഗ്‌നപാദയായി ഓടുകയായിരുന്നു.

റോഡിലെ കല്ലുകളും ചൂടും വകവെക്കാതെ ഓടിയ രാമഭായ് ഒന്നാമതായി ഫിനിഷ് ലൈൻ തൊട്ടപ്പോൾ കാണികൾ കരഘോഷത്തോടെ ആ അമ്മയെ അഭിവാദ്യം ചെയ്‌തു. ”ഒരുപാട് പേർ മൽസരത്തിന് ഉണ്ടായിരുന്നു. പക്ഷെ എനിക്ക് ആ സമ്മാനം നേടിയേ തീരൂ എന്നുണ്ടായിരുന്നു. ഓടുമ്പോൾ എന്റെ മനസിൽ മകളുടെ ഭാവി മാത്രമായിരുന്നു. ഈ 3000 രൂപ കൊണ്ട് മക്കൾക്ക് വേണ്ട പുസ്‌തകങ്ങൾ വാങ്ങും”- നിറകണ്ണുകളോടെ രമഭായ് പറഞ്ഞു.

കൈയിൽ ചെരിപ്പും പിടിച്ച് ഓടിമറയുന്ന രമാഭായിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ്. അമ്മയെ മൽസരത്തിൽ പങ്കെടുക്കാൻ പ്രേരിപ്പിച്ചത് താനാണെങ്കിലും അമ്മ ഒന്നാമതായി എത്തുമെന്ന് കരുതിയിരുന്നില്ലെന്ന് മകൾ പൂജ പറഞ്ഞു, പൂജയുടെ സഹോദരി ബാങ്കിങ് പരീക്ഷയ്‌ക്കുള്ള തയ്യാറെടുപ്പിലാണ്.

മുംബൈയിൽ വച്ചുണ്ടായ അപകടത്തിൽ ഭർത്താവ് മരിച്ചതോടെയാണ് രമാഭായിയുടെ ജീവിതത്തിൽ കരിനിഴൽ വീഴുന്നത്. രണ്ടു പെൺമക്കളുടെ പഠനച്ചെലവും വീട്ടിലെ മറ്റു ചെലവുകളും കണ്ടെത്താനാകാതെ രമഭായിയുടെ ജീവിതം പ്രതിസന്ധിയിലായി. എന്നാൽ, എന്ത് തന്നെ സംഭവിച്ചാലും മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകണമെന്ന് ആ അമ്മ മനസിൽ ഉറപ്പിച്ചിരുന്നു.

അങ്ങനെ ഒരു സ്വകാര്യ അക്കാദമിയിൽ പാചകക്കാരിയായ രമഭായ് ജോലിക്ക് കയറി. അവിടെ തന്നെ മൂത്ത മകൾ പൂജയെ മൽസര പരീക്ഷയുടെ കോച്ചിങ്ങിനും ചേർത്തു. കഠിനാധ്വാനം ചെയ്യാനുള്ള പൂജയുടെ മാനസികനില മനസിലാക്കിയ അക്കാദമി ഡയറക്‌ടർ പൂജയുടെ പഠനഫീസ് ഒഴിവാക്കി നൽകിയിരുന്നു.

Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE