തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീം കോടതി നിയോഗിച്ച സമിതി ഇന്നുമുതൽ സമഗ്ര സുരക്ഷാ പരിശോധന നടത്തും. ദേശീയ ജലവൈദ്യുത കോർപ്പറേഷൻ മുൻ സിഎംഡി ബൽരാജ് ജോഷി അധ്യക്ഷനായ അഞ്ചംഗ സംഘത്തിൽ കേരളത്തിന്റെ പുതിയ പ്രതിനിധിയുമുണ്ടാകും.
ഒഡീഷ ജലവിഭവ വകുപ്പ് മുൻ മെമ്പർ സെക്രട്ടറി അശുതോഷ് ദാസ് ആണ് കേരളത്തിന്റെ പ്രതിനിധി. ഗോപാൽ ധവാൻ, എംഎൽ ശർമ്മ, ഗുൽഷൻ രാജ് എന്നിവരാണ് മറ്റു അംഗങ്ങൾ. മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷാ പരിശോധന പൂർണമായും നടത്തണമെന്ന 2022ലെ സുപ്രീം കോടതി നിർദ്ദേശം നടപ്പാക്കണം എന്നാണ് കേരളത്തിന്റെ ആവശ്യം.
അണക്കെട്ടിന്റെ ഘടനാപരമായ സുരക്ഷിതത്വം, ഭൂകമ്പ പ്രതിരോധ ശേഷി, ചോർച്ചയുടെ അളവ്, സ്പിൽവേ ഷട്ടറുകളുടെ പ്രവർത്തനക്ഷമത തുടങ്ങിയ കാര്യങ്ങളാണ് സമിതി പ്രധാനമായും പരിശോധിച്ച് വിലയിരുത്തുക. വർഷങ്ങൾ പഴക്കമുള്ള അണക്കെട്ടിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി സമഗ്ര പരിശോധന അടിയന്തരമായി പൂർത്തിയാക്കണമെന്ന് കേരളം തുടർച്ചായി ആവശ്യപ്പെടുന്ന കാര്യമാണ്.
മൂന്നുദിവസം കുമളിയിൽ തങ്ങുന്ന സംഘം, പരിശോധനയ്ക്ക് ശേഷം യോഗം ചേരും. ഈ മാസം അവസാനം ഡെൽഹിയിൽ ഉന്നതതല യോഗവും ചേരുന്നുണ്ട്. യോഗങ്ങൾക്ക് ശേഷം തീരുമാനങ്ങൾ കേരളത്തിന് അനുകൂലമല്ലെങ്കിൽ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ജലമന്ത്രി മോൻസ് ജോസഫ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. അണക്കെട്ടിലെ ജലനിരപ്പ് 152 അടി വരെ ഉയർത്തുമെന്ന് തമിഴ്നാട് സർക്കാരിന്റെ പ്രഖ്യാപനവും ആശങ്കയോടെയാണ് കേരളം കാണുന്നത്.
Most Read| യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി


































