മൂന്ന് പതിറ്റാണ്ട് നീണ്ട സൗഹൃദം ഒടുവിൽ ചെന്നെത്തിയത് ഒരമ്മയുടെ മക്കളാണെന്ന വികാരനിർഭരമായ തിരിച്ചറിവിലേക്ക്. ഇന്ത്യയിലെ അനാഥാലയത്തിൽ നിന്ന് ദത്തെടുത്ത് നെതർലൻഡ്‌സിൽ വളർന്ന മീന ഗെൽറ്റിങ്കും മിനാൽ തിജ്‌സനുമാണ് തങ്ങളുടെ ജൻമബന്ധം വർഷങ്ങൾക്ക് ശേഷം തിരിച്ചറിഞ്ഞത്.
ഏകദേശം 40 വർഷങ്ങൾക്ക് മുൻപ് ഇന്ത്യയിലെ ഒരു അനാഥാലയത്തിൽ ഉപേക്ഷിക്കപ്പെട്ട ഇവരെ രണ്ട് വ്യത്യസ്‌ത ഡച്ച് കുടുംബങ്ങളാണ് ദത്തെടുത്തത്. നെതർലൻഡ്‌സിന്റെ വെവ്വേറെ ഭാഗങ്ങളിലായി വളർന്ന ഇവർ, തങ്ങളുടെ രക്‌തബന്ധം അടുത്താണ് തിരിച്ചറിഞ്ഞത്. വെറും 130 കിലോമീറ്റർ മാത്രം അകലെയായി താമസിച്ചിട്ടും 30 വർഷത്തോളം പരസ്‌പരം സഹോദരിമാരാണെന്ന് തിരിച്ചറിയാതെയാണ് ഇവർ വളർന്നത്.
ദത്തെടുത്ത കുട്ടികൾക്കായി 1996ൽ സംഘടിപ്പിച്ച ഒരു പരിപാടിയിൽ വെച്ചാണ് ഇരുവരും ആദ്യമായി കാണുന്നത്. കൗമാര പ്രായമായിരുന്നു അപ്പോൾ. കണ്ടമാത്രയിൽ തന്നെ ഇവർക്കിടയിൽ ഒരു ആത്‌മബന്ധം രൂപപ്പെട്ടു. ഇവർ തമ്മിലുള്ള രൂപസാദൃശ്യം സുഹൃത്തുക്കളും ശ്രദ്ധിച്ചിരുന്നു. പരസ്‌പരം സാമ്യമുള്ളതിനാൽ തമാശയ്‌ക്കായി ‘സിസ്‌റ്റർ’ എന്നാണ് ഇരുവരും വിളിച്ചിരുന്നത്.
തുടർന്ന് ഇരുവരും മേൽവിലാസങ്ങൾ കൈമാറുകയും കുറച്ചുകാലം സൗഹൃദം തുടരുകയും ചെയ്‌തു. എന്നാൽ, പിന്നീട്ട് 15 വർഷത്തോളം ഇരുവരും തമ്മിൽ യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. 44കാരിയായ മിനാൽ കഴിഞ്ഞ ഏപ്രിലിൽ നടത്തിയ ഡിഎൻഎ പരിശോധനയാണ് നിർണായകമായത്.
മൈഹെറിറ്റേജ് വഴി നടത്തിയ ഡിഎൻഎ പരിശോധനയിൽ ഇരുവരും തമ്മിൽ 100 ശതമാനം പൊരുത്തമുണ്ടെന്ന് കണ്ടെത്തി. ഫോണിൽ മീന സഹോദരിയാണെന്ന സന്ദേശം തെളിഞ്ഞുവന്നപ്പോൾ തനിക്ക് വിശ്വസിക്കാനായില്ലെന്ന് മിനാൽ പറയുന്നു. പിന്നീട് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പഴയ സുഹൃത്തിനെ മിനാൽ കണ്ടെത്തുകയായിരുന്നു.
നിലവിൽ ഫ്രാൻസിൽ താമസിക്കുന്ന മിനാലും നെതർലൻഡ്‌സിലുള്ള മീനയും കഴിഞ്ഞദിവസം കൂടിക്കാഴ്‌ച നടത്തി. വർഷങ്ങൾക്ക് ശേഷമുള്ള ഇവരുടെ കൂടിക്കാഴ്‌ച വികാരനിർഭരമായിരുന്നു. നിന്നെ കാണുമ്പോൾ വീട്ടിലെത്തിയത് പോലെ തോനുന്നു എന്നാണ് മീന തന്റെ സഹോദരിയോട് പറഞ്ഞത്. തന്റെ ഹൃദയത്തിലെ ശൂന്യത ഇപ്പോൾ മാറിയെന്നും നഷ്‌ടപ്പെട്ട ഒരു ഭാഗം തിരികെ ലഭിച്ചത് പോലെയാണെന്നും മീന കൂട്ടിച്ചേർത്തു.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം




































