ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്‌തമാക്കാൻ ഇന്ത്യ സഖ്യത്തിന്റെ തീരുമാനം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ മറയാക്കി രാജ്യത്ത് വൻതോതിൽ വോട്ട് കൊള്ള നടക്കുകയാണെന്നും ഗ്യാനേഷ് കുമാർ ഉടൻ രാജിവെക്കണമെന്നും ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രക്ഷോഭത്തിനാണ് ഇന്ത്യ സഖ്യം ആഹ്വാനം ചെയ്‌തിരിക്കുന്നത്.
ഒക്‌ടോബർ ആറിന് പ്രതിപക്ഷ എംപിമാർ തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്‌ഥാനത്തേക്ക് മാർച്ച് നടത്തും. ഒക്‌ടോബർ രണ്ടാം വാരം പ്രതിപക്ഷ പാർട്ടി നേതാക്കൾ രാഷ്‌ട്രപതിയെ കാണാൻ അനുമതി തേടും. വോട്ടുകൊള്ളയ്‌ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം നടത്തുമെന്ന് ഇന്ത്യ സഖ്യ നേതാക്കൾ യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞു.
നവംബർ ഒന്നിന് ജനാധിപത്യ സംരക്ഷണ റാലി നടത്തുമെന്നും നേതാക്കൾ അറിയിച്ചു. സുപ്രീം കോടതിയിലുള്ള എസ്‌ഐആറുമായി ബന്ധപ്പെട്ട എല്ലാ കേസുകളും എത്രയുംവേഗം തീർപ്പാക്കണമെന്നും ഇന്ത്യ സഖ്യം ആവശ്യപ്പെട്ടു. മൂന്നര മണിക്കൂറോളം ചർച്ചകൾ നീണ്ടുപോയെന്നും വിവിധ പാർട്ടി നേതാക്കൾ തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുകയും ഒന്നിച്ച് പോരാടാൻ തീരുമാനിക്കുകയും ചെയ്‌തതായി യോഗത്തിന് ശേഷം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു.
Most Read| മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി; ചരിത്രംകുറിച്ച് ഫാത്തിമ അൽ മൻസൂരി





































