ന്യൂഡെൽഹി: സിജെപി നേതാക്കളായ സൗരവ് ദാസിനെയും അശുതോഷ് റാങ്കയുടെയും ജുഡീഷ്യൽ കസ്‌റ്റഡി കാലാവധി രണ്ടു ദിവസത്തേക്ക് കൂടി നീട്ടിയ സ്‌പെഷ്യൽ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ ഉത്തരവ് ചോദ്യം ചെയ്‌ത് കോക്രോച്ച് ജനത പാർട്ടി (സിജെപി) ഡെൽഹി ഹൈക്കോടതിയിൽ ഹരജി നൽകി.
ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശം നഗ്‌നമായി ലംഘിച്ചുകൊണ്ടാണ് നേതാക്കളുടെ കസ്‌റ്റഡി കാലാവധി നീട്ടിയതെന്ന് ഹരജിയിൽ പറയുന്നു. ഹരജിയിൽ അടിയന്തരവാദം കേൾക്കണമെന്ന് സിജെപി ഡെൽഹി ഹൈക്കോടതിയോട് അഭ്യർഥിച്ചു. ദസറ അവധിയായതിനാൽ ഈ ആഴ്‌ച കോടതി ഇല്ലാത്തതിനാലാണ് അടിയന്തര രാത്രികാല സിറ്റിങ് വേണമെന്ന് സിജെപി ആവശ്യപ്പെട്ടത്.
എന്നാൽ, ഹരജി ഇന്ന് രാത്രി പരിഗണിക്കാൻ സാധ്യതയില്ലെന്നാണ് സൂചന. രണ്ടുപേരുടെയും മൗലികാവകാശങ്ങൾ പരസ്യമായി ചവിട്ടിമെതിക്കപ്പെടുകയാണ്. സ്വാഭാവിക നീതി പൂർണമായും അട്ടിമറിക്കപ്പെട്ടിരുന്നു. അധികാരത്തിന്റെ നഗ്‌നമായ ദുരുപയോഗത്തിൽ ഞങ്ങൾ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നു. ഭരണഘടനാപരമായ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കാനും നേതാക്കളുടെ മോചനം ഉറപ്പാക്കാനുമാണ് ഞങ്ങൾ ഡെൽഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നതെന്നും സിജെപിയുടെ ലീഗൽ സെൽ മേധാവി രത്‌ന സിങ് പറഞ്ഞു.
സൗരവിന്റെയും അശുതോഷിന്റെയും ജുഡീഷ്യൽ കസ്‌റ്റഡി കാലാവധി 21 വരെ നീട്ടിയിരുന്നു. ജന്തർ മന്തറിലേക്ക് പോലീസ് വിലക്കും ബാരിക്കേഡുകളും മറികടന്ന് ജന്തർ മന്തറിൽ പ്രവേശിക്കുകയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിക്കുകയും ചെയ്‌തതിന് കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് അശുതോഷ് റാങ്കയെയും സൗരവ് ദാസിനെയും ഡെൽഹി പോലീസ് അറസ്‌റ്റ് ചെയ്‌തത്.
പ്രതിഷേധിക്കാനുള്ള ഇടങ്ങളിൽ നിന്ന് ജന്തർ മന്തറിനെ ഒഴിവാക്കിയതിനെതിരെ ആയിരുന്നു ഇവരുടെ മിന്നൽ സമരം. കസ്‌റ്റഡിയിൽ എടുത്തതിന് പിന്നാലെ കോടതിയിൽ ഹാജരാക്കിയ നേതാക്കളെ മന്ദിർ മാർഗിലെ സ്‌പെഷ്യൽ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കോടതി അഞ്ചുദിവസത്തെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിടുകയായിരുന്നു.
തിഹാർ ജയിലിലേക്കാണ് ഇവരെ മാറ്റിയത്. അഞ്ചുദിവസം കഴിഞ്ഞിട്ടും ഇവരുടെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചിരുന്നില്ല. ഇതിൽ സിജെപി കനത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. പിന്നാലെയാണ് ഇന്നലെ കസ്‌റ്റഡി കാലാവധി നീട്ടിയത്. അതിക്രമിച്ചു കടക്കൽ, നിരോധനാജ്‌ഞ ലംഘിക്കൽ, സമാധന ഉടമ്പടി ലംഘിക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ ഉൾപ്പടെയുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്.
അതേസമയം, ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിൽ നിന്ന് താൽക്കാലികമായി പിൻവാങ്ങുന്നുവെന്ന സൂചന നൽകി സിജെപി സ്‌ഥാപകൻ അഭിജീത് ദീപ്‌കെ നേരത്തെ രംഗത്തെത്തിയിരുന്നു. ഈ ഉൽസവകാലം പ്രതിഷേധ രംഗത്തുള്ളവർ കുടുംബത്തോടൊപ്പം ചെലവഴിക്കണമെന്ന് ദീപ്‌കെ സാമൂഹിക മാദ്ധ്യമത്തിലൂടെ ആവശ്യപ്പെട്ടു.
Most Read| സമാധാന നൊബേൽ സമ്മാനം ഇന്ത്യൻ വംശജയായ നവനീതം നവി പിള്ളയ്‌ക്ക്


































