റഷ്യൻ എണ്ണ വാങ്ങിയാൽ 100% വരെ താരിഫ്; ബില്ലിൽ ഒപ്പുവെച്ച് ട്രംപ്

ഇന്ത്യ, ചൈന, സ്ളോവാക്യ, ഹംഗറി, അസർബൈജാൻ എന്നീ രാജ്യങ്ങളെ ലക്ഷ്യമിട്ടാണ് ബിൽ.

By Senior Reporter, Malabar News
trump image_malabar news
ഡൊണാ​ള്‍​ഡ് ട്രം​പ്

വാഷിങ്ടൻ: റഷ്യക്കുമേൽ കടുത്ത സാമ്പത്തിക സമ്മർദ്ദം ചെലുത്തുന്നതിനായുള്ള പുതിയ ഉപരോധ ബില്ലിൽ ഒപ്പുവെച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇതോടെ, റഷ്യൻ എണ്ണയും ഗ്യാസും വാങ്ങുന്ന അഞ്ച് രാജ്യങ്ങൾക്കുമേൽ 100% വരെ തീരുവ ഏർപ്പെടുത്താൻ അമേരിക്കൻ പ്രസിഡണ്ടിന് അധികാരം നൽകുന്ന നിയമം പ്രാബല്യത്തിൽ വന്നു.

ഇറാനുമേൽ നിലവിലുള്ള അമേരിക്കയുടെ ഉപരോധം 2031 വരെ നീട്ടാനും ബില്ലിൽ വ്യവസ്‌ഥയുണ്ട്. 262-159 വോട്ടിനാണ് ബിൽ പാസായത്. ഇന്ത്യ, ചൈന, സ്ളോവാക്യ, ഹംഗറി, അസർബൈജാൻ എന്നീ രാജ്യങ്ങളെ ലക്ഷ്യമിട്ടാണ് ബിൽ. നവംബറിൽ നടക്കാനിരിക്കുന്ന നിർണായക തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബിൽ അവതരിപ്പിച്ചത്.

റഷ്യയുടെ ഊർജ, പ്രതിരോധ മേഖലകൾ, പ്രസിഡണ്ട് വ്ളാഡിമിർ പുടിൻ, മറ്റു മുതിർന്ന ഉദ്യോഗസ്‌ഥർ, പാശ്‌ചാത്യ ഉപരോധങ്ങൾ മറികടക്കാൻ ഉപയോഗിക്കുന്ന റഷ്യയുടെ ഷാഡോ ഫ്‌ളീറ്റ് ടാങ്കറുകൾ എന്നിവയെയാണ് പ്രധാനമായും ഈ നിയമം ലക്ഷ്യമിടുന്നത്.

കൂടാതെ, റഷ്യൻ സൈന്യത്തെ സഹായിക്കുന്ന വിദേശ സ്‌ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാനും ഇറാനുമായി ബന്ധപ്പെട്ട ഉപരോധങ്ങൾ വ്യാപിപ്പിക്കാനും ഇതിൽ വ്യവസ്‌ഥയുണ്ട്. ഈ ബില്ലിൽ ഒപ്പുവെക്കുമെന്ന് ട്രംപ് നേരത്തെ വ്യക്‌തമാക്കിയിരുന്നു.

അതേസമയം, മൂന്ന് മാദ്ധ്യമ സ്‌ഥാപനങ്ങളെ വൈറ്റ് ഹൗസ് റിപ്പോർട്ടിങ്ങിൽ നിന്ന് വിലക്കിയതായി ട്രംപ് അറിയിച്ചു. വ്യാജ വാർത്തകൾ നിരന്തരം റിപ്പോർട് ചെയ്യുന്നുവെന്ന് ആരോപിച്ച് സിഎൻഎൻ, എംഎസ് നൗ, പൊളിറ്റിക്കോ എന്നീ മാദ്ധ്യമങ്ങളെയാണ് വിലക്കിയത്.

അമേരിക്കയുടെ അധിക തീരുവ; നിലപാട് കടുപ്പിച്ച് ഇന്ത്യ

റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയാൽ 100 ശതമാനം അധിക തീരുവ ചുമത്താനുള്ള യുഎസ് നീക്കത്തിനെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ. തീരുവ ഭീഷണിയെ മറികടക്കാൻ പുതിയ സാധ്യതകൾ തേടിയിരിക്കുകയാണ് കേന്ദ്രം. വിവിധ ലോകരാജ്യ സംഘടനകളുമായും രാജ്യങ്ങളുമായും ഇന്ത്യ ചർച്ച തുടങ്ങിയിട്ടുണ്ട്.

യൂറോപ്യൻ യൂണിയനുമായി സഹകരിച്ചുകൊണ്ടുള്ള സൗജന്യ വ്യാപാര കരാറും വിവിധ രാജ്യങ്ങളുമായുള്ള വ്യവസായ, വാണിജ്യ സഹകരണത്തിലും ലോകശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. അമേരിക്കൻ വിപണി അടഞ്ഞാൽ കയറ്റുമതി ഉൽപ്പന്നങ്ങൾ മറ്റുള്ളവരുമായി പങ്കിടുന്നത് ഉൾപ്പടെയുള്ള കാര്യങ്ങളിലാണ് ചർച്ച പുരോഗമിക്കുന്നത്.

ഞങ്ങളുടെ വ്യാപാര- സാമ്പത്തിക താൽപര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കിയിട്ടുണ്ട്. 140 കോടി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യ പൂർണമായും പ്രതിജ്‌ഞാബദ്ധമാണ്. വൈവിധ്യമാർന്ന സ്രോതസുകളിലൂടെയും മാറികൊണ്ടിരിക്കുന്ന വിപണി സാഹചര്യങ്ങൾക്ക് അനുസരിച്ചും രാജ്യം അത് തുടർന്നും നിർവഹിക്കുമെന്നും മന്ത്രാലയം വ്യക്‌തമാക്കി.

വിഷയം വിവിധ യുഎസ് പ്രതിനിധികളുമായി കഴിഞ്ഞ മാസങ്ങളിൽ ചർച്ച ചെയ്‌തിട്ടുണ്ട്‌. ഉഭയകക്ഷി ബന്ധത്തിൽ മാത്രമല്ല, അന്താരാഷ്‌ട്ര ഊർജ വിപണിയിലും ഇത് ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ചും വിശദീകരിച്ചിട്ടുണ്ട്. ബിൽ പാസാക്കിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് അറിയിച്ച വിദേശകാര്യ മന്ത്രാലയം, ഈ വിഷയത്തിലെ തുടർന്നുള്ള സംഭവവികാസങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും അറിയിച്ചു.

Most Read| ഇനി ജനന-മരണ രജിസ്‌ട്രേഷൻ കർശനം; ഒക്‌ടോബർ ഒന്നുമുതൽ പുതിയ നിയമം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE