വാഷിങ്ടൻ: റഷ്യക്കുമേൽ കടുത്ത സാമ്പത്തിക സമ്മർദ്ദം ചെലുത്തുന്നതിനായുള്ള പുതിയ ഉപരോധ ബില്ലിന് അമേരിക്കൻ ജനപ്രതിനിധി സഭ അംഗീകാരം നൽകി. റഷ്യൻ എണ്ണയും ഗ്യാസും വാങ്ങുന്ന അഞ്ച് രാജ്യങ്ങൾക്കുമേൽ 100% വരെ താരിഫ് ചുമത്താൻ ട്രംപ് ഭരണകൂടത്തിന് അധികാരം നൽകുന്ന ബില്ലിനാണ് യുഎസ് ജനപ്രതിനിധിസഭ അംഗീകാരം നൽകിയത്.
262-159 വോട്ടിനാണ് ബിൽ പാസായത്. ഇന്ത്യ, ചൈന, സ്ളോവാക്യ, ഹംഗറി, അസർബൈജാൻ എന്നീ രാജ്യങ്ങളെ ലക്ഷ്യമിട്ടാണ് ബിൽ. വൻ ഭൂരിപക്ഷത്തോടെ സെനറ്റ് നേരത്തെ പാസാക്കിയ ബിൽ നിയമമാക്കി മാറുന്നതിനായി പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ പരിഗണനയ്‌ക്കായി അയക്കും. നവംബറിൽ നടക്കാനിരിക്കുന്ന നിർണായക തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബിൽ അവതരിപ്പിച്ചത്.
റഷ്യയുടെ ഊർജ, പ്രതിരോധ മേഖലകൾ, പ്രസിഡണ്ട് വ്ളാഡിമിർ പുടിൻ, മറ്റു മുതിർന്ന ഉദ്യോഗസ്‌ഥർ, പാശ്‌ചാത്യ ഉപരോധങ്ങൾ മറികടക്കാൻ ഉപയോഗിക്കുന്ന റഷ്യയുടെ ഷാഡോ ഫ്‌ളീറ്റ് ടാങ്കറുകൾ എന്നിവയെയാണ് പ്രധാനമായും ഈ നിയമം ലക്ഷ്യമിടുന്നത്.
കൂടാതെ, റഷ്യൻ സൈന്യത്തെ സഹായിക്കുന്ന വിദേശ സ്‌ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാനും ഇറാനുമായി ബന്ധപ്പെട്ട ഉപരോധങ്ങൾ വ്യാപിപ്പിക്കാനും ഇതിൽ വ്യവസ്‌ഥയുണ്ട്. ഈ ബില്ലിൽ ഒപ്പുവെക്കുമെന്ന് ട്രംപ് വ്യക്‌തമാക്കിയിട്ടുണ്ട്.
Most Read| യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി



































