തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശനെതിരെയുള്ള വ്യാജ വിവാഹ ആരോപണത്തിൽ റിപ്പോർട്ടർ ചാനൽ ഉടമ ആന്റോ അഗസ്റ്റിനെതിരെ ഒന്നാംപ്രതിയാക്കി സൈബർ പോലീസ് കേസെടുത്തു. അജ്ഞാതരായ രണ്ടുപേർക്കുമെതിരെയും കേസുണ്ട്. കെപിസിസി മാദ്ധ്യമ വക്താവ് രാജു പി നായർ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിന് നൽകിയ പരാതിയിലാണ് നടപടി.
പരാതി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ സിറ്റി സൈബർ പോലീസ് അസിസ്റ്റന്റ് കമ്മീഷണർക്ക് കൈമാറുകയായിരുന്നു. കർണാടകയിലെ ബൈന്ദൂർ സബ് രജിസ്ട്രാർ ഓഫീസിൽ മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്തതായുള്ള രേഖയുമായി രണ്ട് യുവാക്കൾ തന്നെ സമീപിച്ചിരുന്നുവെന്ന്, ആന്റോ അഗസ്റ്റിൻ ഒരു ചടങ്ങിൽ നടത്തിയ വെളിപ്പെടുത്തലാണ് പരാതിക്ക് അടിസ്ഥാനം.
ചാനലിൽ വാർത്ത നൽകണമെന്ന് ആവശ്യപ്പെട്ടാണ് യുവാക്കൾ എത്തിയതെന്നും എന്നാൽ, വാർത്തയുടെ ആധികാരികത ബോധ്യപ്പെടാത്തതിനെ തുടർന്ന് വാർത്ത കൊടുക്കേണ്ട എന്ന് തീരുമാനിച്ചുവെന്നും ആന്റോ അന്ന് പറഞ്ഞിരുന്നു.
തിരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ അട്ടിമറിക്കാൻ വ്യാജരേഖ ചമച്ചു ഗൂഢാലോചന നടത്തിയ യുവാക്കളെ കണ്ടെത്തി ഗുരുതര കുറ്റങ്ങൾ ചുമത്തി കേസെടുക്കണമെന്നാണ് രാജു പി നായർ പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ആന്റോയുടെ കൈയിൽ ഇതുസംബന്ധിച്ച രേഖകളുണ്ട്. മുഖ്യമന്ത്രിക്കെതിരെ ഇത്തരം ഗുരുതര സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടും പോലീസിനെയോ സർക്കാരിനെയോ വിവരമറിയിക്കാതിരുന്ന ആന്റോയുടെ നടപടി സംശയാസ്പദമാണെന്നും നിയമനടപടി വേണമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
Most Read| യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി

































