കൊൽക്കത്ത: മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യ (എൻസിപിഐ) ചേർന്ന 20 ലോക്സഭാ എംപിമാരിൽ 17 പേരും ബിജെപിയിൽ ചേരുമെന്ന് റിപ്പോർട്. പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ പാർട്ടിയുടെ കനത്ത പരാജയത്തിന് പിന്നാലെയാണ് എംപിമാരുടെ കൊഴിഞ്ഞുപോക്ക്.
ദുർഗാപൂജയ്ക്ക് മുൻപോ അതിന് ശേഷമോ ആയിരിക്കും എംപിമാർ ബിജെപി അംഗത്വം സ്വീകരിക്കുകയെന്ന് ടിഎംസി വിമത നേതാവും കൂച്ച് ബിഹാർ എംപിയുമായ ജഗദീഷ് ചന്ദ്ര ബർമ ബസുനിയ പറഞ്ഞു. ഒരുമിച്ച് ബിജെപിയിൽ ചേരാനാണ് എംപിമാർ തീരുമാനിച്ചിട്ടുള്ളതെന്നും അതിനാൽ കൂറുമാറ്റ നിരോധന നിയമം ബാധകമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജൂൺ 14നാണ് 20 ടിഎംസി വിമത എംപിമാർ എൻസിപിഐയുടെ ഭാഗമായതും എൻഡിഎക്ക് പിന്തുണ പ്രഖ്യാപിച്ചതും. പാർട്ടിയുടെ കനത്ത പരാജയത്തിന് പിന്നാലെയായിരുന്നു ഇത്. കാകോലി ഘോഷ് ദസ്തിദാറിന്റെ നേതൃത്വത്തിലാണ് ജഗദീഷ്, സയോണി ഘോഷ്, ശതാബ്ദി റോയ് തുടങ്ങിയവർ ടിഎംസി വിട്ട് എൻസിപിഐയിലേക്ക് എത്തിയത്. അതോടെ ലോക്സഭയിലെ അഞ്ചാമത്തെ വലിയ രാഷ്ട്രീയ പാർട്ടിയായി എൻസിപിഐ മാറുകയും ചെയ്തു.
ഈ സംഭവവികാസങ്ങൾ നടന്ന് മൂന്നുമാസത്തിനിപ്പുറമാണ് 20ൽ 17 പേരും ബിജെപിയിലേക്ക് എത്തുന്നുവെന്ന വാർത്ത പുറത്തുവരുന്നത്. ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള മൂന്ന് എംപിമാർ (അബു താഹിർ ഖാൻ, ഖലിയുർ റഹ്മാൻ, യുസുഫ് പഠാൻ) ഔദ്യോഗികമായി ബിജെപിയിൽ ചേരില്ലെന്നും പകരം പുറത്തുനിന്ന് എൻഡിഎയ്ക്ക് പിന്തുണ നൽകുമെന്നും ജഗദീഷ് ബസുനിയ കൂട്ടിച്ചേർത്തു.
Most Read| യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി


































