കൊൽക്കത്ത: ബംഗാളിൽ ഭരണം നഷ്ടമായ മമത ബാനർജിക്കും തൃണമൂൽ കോൺഗ്രസിനും വീണ്ടും വൻ തിരിച്ചടി. മുതിർന്ന നേതാവ് സുഖേന്ദു ശേഖർ റോയ് പാർട്ടിയിൽ നിന്നും രാജിവെച്ചു.
തൃണമൂൽ കോൺഗ്രസുമായുള്ള ദീർഘകാലത്തെ ബന്ധം ഉപേക്ഷിച്ച അദ്ദേഹം, രാജ്യസഭാ എംപി സ്ഥാനത്ത് നിന്നും രാജിവെച്ചു. ഇന്ന് രാവിലെ പാർലമെന്റിൽ എത്തിയാണ് അദ്ദേഹം രാജി സമർപ്പിച്ചത്. പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ പാർട്ടിയുടെ കനത്ത പരാജയത്തിന് പിന്നാലെയാണ് ഈ അപ്രതീക്ഷിത നീക്കം.
പാർട്ടി നേതൃത്വത്തിനെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചാണ് സുഖേന്ദു തന്റെ രാജിക്കത്ത് സമർപ്പിച്ചത്. മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിന്റെ 15 വർഷത്തെ ഭരണം ബംഗാളിൽ അരാജകത്വമാണ് സൃഷ്ടിച്ചതെന്ന് അദ്ദേഹം ആരോപിക്കുന്നു.
”ടിഎംസിയുടെ 15 വർഷത്തെ അരാജകത്വ ഭരണത്തിൽ അറുതി വരുത്താൻ ചരിത്രത്തിൽ ആദ്യമായി ഞങ്ങൾ ബിജെപിക്ക് വൻ ജനവിധി നൽകിയിരിക്കുകയാണ്. വ്യാപകമായ അഴിമതി, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ, ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായം, ക്രമസമാധാനം, തൊഴിൽ തുടങ്ങിയ മേഖലകളിലെ കടുത്ത പരാജയം എന്നിവയാണ് ഇതിന് കാരണം”- രാജിവെച്ച ശേഷം സുഖേന്ദു പറഞ്ഞു.
അതേസമയം, ബിജെപിയിൽ ചേരുമോയെന്ന് അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഭരണപക്ഷത്തേക്ക് മാറുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. അതിനിടെ, ഇരുസഭകളിലുമായി തൃണമൂലിന്റെ 41 എംപിമാരിൽ കുറഞ്ഞത് 20 പേരെങ്കിലും ബിജെപിയുമായി സമ്പർക്കത്തിലാണെന്നും ഇവർ പാർട്ടി വിടാൻ പദ്ധതിയിടുന്നതായും അഭ്യൂഹങ്ങളുണ്ട്. തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാർട്ടിയുടെ 80ഓളം വരുന്ന എംഎൽഎമാരിൽ 60 പേരും വിമതർക്കൊപ്പമാണ്.
Most Read| 9400 അക്കൗണ്ടുകൾ നിരോധിച്ചതായി വാട്സ് ആപ്പ്



































