ന്യൂഡെൽഹി: അറബിക്കടലിൽ പതിവ് നിരീക്ഷണത്തിലായിരുന്ന ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുമായി പാക്കിസ്‌ഥാന്റെ കപ്പൽ കൂട്ടിയിടിച്ചു. ചൊവ്വാഴ്‌ചയാണ് സംഭവം. ഇന്ത്യൻ കപ്പലിൽ പാക്കിസ്‌ഥാന്റെ കപ്പൽ വന്നിടിക്കുകയായിരുന്നു എന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന വിവരം.
സംഭവത്തിൽ പാക്കിസ്‌ഥാന്റെ നയതന്ത്രജ്‌ഞൻ സാദ് അഹമ്മദിനെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി കടുത്ത പ്രതിഷേധം അറിയിച്ചു. അന്താരാഷ്‌ട്ര സമുദ്രാതിർത്തിയിൽ വെച്ച് നടന്ന ഈ സംഭവം പാക്കിസ്‌ഥാൻ നാവികസേനയുടെ ഭാഗത്തുനിന്നുണ്ടായ അംഗീകരിക്കാനാകാത്തതും അനാസ്‌ഥ നിറഞ്ഞതുമായ പെരുമാറ്റമാണെന്ന് ഇന്ത്യ വ്യക്‌തമാക്കി.
ചൊവ്വാഴ്‌ച വൈകീട്ട് ഒമാന് ഏകദേശം 220 കിലോമീറ്റർ വടക്ക് അമിതവേഗത്തിലെത്തിയ പാക്ക് കപ്പൽ ഇന്ത്യൻ യുദ്ധക്കപ്പലിനെ ഉരസി കടന്നുപോകുകയായിരുന്നു. കപ്പലിന് കാര്യമായ കേടുപാടുകൾ ഉണ്ടായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. പാക്കിസ്‌ഥാന്റെ ഹുനൈൻ ക്ളാസ് കപ്പലാണ് ഇടിച്ചതെന്നാണ് സൂചന.
സൈനിക അഭ്യാസങ്ങളും നീക്കങ്ങളും മുൻകൂട്ടി അറിയിക്കുന്നത് സംബന്ധിച്ച് 1991ൽ ഇന്ത്യയും പാക്കിസ്‌ഥാനും തമ്മിലുണ്ടാക്കിയ കരാറിലെ ആർട്ടിക്കിൾ 10ന്റെ നേരിട്ടുള്ള ലംഘനമാണ് പാക്ക് കപ്പലിന്റെ ഈ നീക്കമെന്ന് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാണിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാ സൈനിക വിഭാഗങ്ങളും ജാഗ്രത പാലിക്കണമെന്നും പാക്കിസ്‌ഥാൻ അധികൃതരെ അറിയിക്കാൻ നയതന്ത്രജ്‌ഞനോട് ഇന്ത്യ ആവശ്യപ്പെട്ടു.
Most Read| സദാസമയവും ഇളകിമറിയുന്ന കിണർ! അത്‌ഭുത പ്രതിഭാസം


































