സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് ഗ്രാമിന് 25 രൂപ കൂടി വില 14,065 രൂപയിലെത്തി. പവൻ വില 200 രൂപ വർധിച്ച് 1,12,520 രൂപയുമായി. രാജ്യാന്തര വിപണിയിൽ സ്വർണവില അൽപ്പം മെച്ചപ്പെട്ടതോടെയാണ് കേരളത്തിലും മാറ്റം.
അതേസമയം, സ്വർണാഭരണങ്ങളുടെ പരിശുദ്ധി ഉറപ്പാക്കുന്ന എച്ച്യുഐഡി മുദ്ര പതിപ്പിക്കുന്നതിനുള്ള നിരക്ക് കേന്ദ്ര സർക്കാരിന് കീഴിലുള്ള ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് (ബിഐഎസ്) വർധിപ്പിച്ചു. നിലവിലെ 45 രൂപയിൽ നിന്ന് 75 രൂപയായാണ് വർധന. ഇതോടെ ആഭരണം വാങ്ങാൻ 18 ശതമാനം നികുതി സഹിതം 88.5 രൂപ ഉപഭോക്താവ് നൽകേണ്ടി വരും.
നിലവിൽ ഇത് 53.5 രൂപയായിരുന്നു. തീരുമാനം ഈമാസം 14 മുതൽ നിലവിൽ വന്നു. ഇത് സ്വർണവ്യാപാര മേഖലയ്ക്ക് തിരിച്ചടിയാണെന്നും പിൻവലിക്കണമെന്നും കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ് അബ്ദുൽ നാസർ ആവശ്യപ്പെട്ടു. വ്യാപാരികളുടെ മേൽ അധിക സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കുന്നത് നീതിയല്ലെന്നും അദ്ദേഹം പറഞ്ഞു.
Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം



































