ന്യൂഡെൽഹി: സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ 15 ശതമാനമായി വർധിപ്പിച്ചതിന് പിന്നാലെ സംസ്‌ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്. ഇന്ന് ഒരു പവന്റെ വില 10,200 രൂപ കൂടി 1,23,120 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 1275 രൂപ വർധിച്ച് 15,390 രൂപയായി.
കേരളത്തിൽ ഒറ്റദിവസത്തിൽ ഇത്രയും വില കൂടുന്നത് ഇതാദ്യമായാണ്. രാജ്യാന്തര വിപണിയിൽ കൂടി സ്വർണവില വർധിച്ചിരുന്നെങ്കിൽ സംസ്‌ഥാനത്തെ നിരക്ക് ഇതിലും കൂടുമായിരുന്നു. ഇന്ന് അർധരാത്രി മുതൽ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന സ്വർണത്തിനും വെള്ളിക്കും നിലവിൽ നൽകേണ്ടിയിരുന്ന ആറുശതമാനം നികുതിക്ക് പകരം 15 ശതമാനം ഈടാക്കുമെന്നാണ് കേന്ദ്ര സർക്കാർ പ്രഖ്യാപനം.
ഇവയുടെ ഇറക്കുമതി കുറയ്‌ക്കാനും രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കാനുമാണ് നീക്കമെന്നാണ് വിശദീകരണം. പത്ത് ശതമാനം അടിസ്‌ഥാന കസ്‌റ്റംസ് ഡ്യൂട്ടിയും അഞ്ച് ശതമാനം അഗ്രികൾച്ചർ ഇൻഫ്രാസ്‌ട്രെക്‌ചർ ആൻഡ് ഡെവലപ്‌മെന്റ് സെസ്സും ഉൾപ്പടെയാണ് പുതിയ നിരക്ക് പ്രാബല്യത്തിൽ വരുന്നത്.
പശ്‌ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെയുണ്ടായ പ്രതിസന്ധിക്കിടെയാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം വന്നതും കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുന്നതും. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്വർണ ഉപഭോക്‌തൃ രാജ്യമായ ഇന്ത്യയിലെ വർധിച്ചുവരുന്ന ആവശ്യം കുറയ്‌ക്കാൻ ഈ നടപടി സഹായിക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.
ഒരുവർഷത്തേക്ക് സ്വർണം വാങ്ങുന്നത് നിർത്താൻ പ്രധാനമന്ത്രിയുടെ ആഹ്വാനം വന്നപ്പോൾ തന്നെ ഇത്തരമൊരു നീക്കം പ്രതീക്ഷിച്ചിരുന്നു. ഓഹരി വിപണിയിൽ നിന്നുള്ള ആദായം കുറഞ്ഞ സാഹചര്യത്തിൽ, സുരക്ഷിതമായ നിക്ഷേപമെന്ന നിലയിൽ സ്വർണത്തോടുള്ള താൽപര്യം രാജ്യത്ത് വർധിച്ച് വരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ഇടപെടൽ ഉണ്ടായത്.
Most Read| ‘ലവൻ പുലിയാണ് കേട്ടോ’; ആക്രമിക്കാൻ വന്ന പുലിയെ കഴുത്തിന് പിടിച്ച് രക്ഷനേടി 13-കാരൻ




































