തിരുവനന്തപുരം: പാർട്ടിയുടെ സുപ്രധാന രേഖകളും വിവരങ്ങളും ചോർന്ന പശ്‌ചാത്തലത്തിൽ ബിജെപി സംസ്‌ഥാന കമ്മിറ്റി ഓഫീസായ മാരാർജി ഭവനിലെ ജീവനക്കാർ പുറത്ത്. രേഖകൾ പുറത്തായതിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന രണ്ടുപേരെയാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. മൂന്നുപേരെ കൂടി പുറത്താക്കാനുള്ള നീക്കത്തിലാണ്.
ഒരു ഇലക്‌ട്രീഷ്യനെയാണ് പിരിച്ചുവിട്ടത്. കെ. സുരേന്ദ്രൻ സംസ്‌ഥാന പ്രസിഡണ്ട് ആയിരിക്കെ, ഫോട്ടോഗ്രാഫറുടെ ജോലി ചെയ്‌തിരുന്ന ജീവനക്കാരനെ പിന്നീട് ഇലക്‌ട്രീഷ്യൻ തസ്‌തികയിൽ നിയമിച്ചിരുന്നു. കെയർടേക്കറുടെ ഉത്തരവാദിത്തവും ഇദ്ദേഹത്തിനായിരുന്നു.
തിരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേടുമായി ബന്ധപ്പെട്ട വ്യാജ ജിഎസ്‌ടി ബില്ലുകൾ, ശബ്‌ദരേഖകൾ എന്നിവയാണ് ആദ്യഘട്ടത്തിൽ പുറത്തായത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിനോട് അനുബന്ധിച്ച് എസ്‌പിജി അംഗങ്ങൾ വന്നപ്പോൾ താമസസൗകര്യം ഒരുക്കിയതിന്റെയും വാഹനങ്ങൾ വാടകയ്‌ക്ക് എടുത്തതിന്റെയും വിവരങ്ങൾ പുറത്തായതിനെ കുറിച്ച് കഴിഞ്ഞദിവസം കോർ കമ്മിറ്റി യോഗത്തിൽ വിമർശനം ഉണ്ടായി.
തുടർന്ന് സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ സംസ്‌ഥാന അച്ചടക്ക സമിതി ചെയർമാൻ കുമ്മനം രാജശേഖരനെയും മുൻ ഡിജിപി കൂടിയായ ബിജെപി നേതാവ് ജേക്കബ് തോമസിനെയും നിയോഗിക്കുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ജീവനക്കാരെ വിളിച്ചുവരുത്തിയപ്പോൾ മുറിയിലെ സിസിടിവി ക്യാമറകൾ ഓഫ് ചെയ്യാൻ ജേക്കബ് തോമസ് നിർദ്ദേശിച്ചു.
എന്നാൽ, ഈ വിവരവും നിമിഷങ്ങൾക്കകം സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചു. ഇതോടെ ഓഫീസ് ജീവനക്കരുടെ ഫോണുകളും അന്വേഷണ സംഘം പരിശോധിച്ചു. തുടർന്നാണ് ജീവനക്കാരുടെ പങ്ക് വ്യക്‌തമായത്. പ്രധാനമന്ത്രിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട അക്കൗണ്ട്സ് വിവരങ്ങൾ സിപിഎം പത്രത്തിൽ എത്തുകയും വാർത്തയാവുകയും ചെയ്‌തിരുന്നു.
ഇതോടെയാണ് നിരീക്ഷണം ശക്‌തമാക്കിയത്. എന്നാൽ, തിരഞ്ഞെടുപ്പ് ഫണ്ടിൽ തിരിമറി ഉണ്ടായിട്ടില്ലെന്നും മാദ്ധ്യമ വാർത്തകൾ അടിസ്‌ഥാനരഹിതമാണെന്നുമാണ് നേതൃത്വം കഴിഞ്ഞ ദിവസവും വിശദീകരിച്ചത്. അച്ചടക്ക സമിതി വിപുലീകരിച്ച് മുൻ പ്രസിഡണ്ട് പികെ കൃഷ്‌ണദാസിനെ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. വിവിധ ജില്ലകളിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലെ വീഴ്‌ചയുടെ പേരിൽ നടപടികൾ തുടരുകയാണ്.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം





































