കൊച്ചി: ദാനം ലഭിച്ച പുതിയ ഹൃദയവുമായി 13 വർഷം പൂർത്തിയാക്കി ശ്രുതി. ലോക അവയവദാന ദിനത്തിൽ (ഓഗസ്‌റ്റ് 13) പുതുജീവിതം നൽകിയവർക്കൊപ്പം സന്തോഷം പങ്കിടുന്ന ശ്രുതി, ഇന്ന് സ്വന്തമായി ജ്വല്ലറി മേക്കിങ് എന്ന ശ്രമത്തിന് പിന്നാലെയാണ്.
2013 ഓഗസ്‌റ്റിലാണ് എറണാകുളം ലിസി ആശുപത്രിയിൽ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിൽ ശ്രുതിക്ക് ഹൃദയം മാറ്റിവെക്കൽ ശസ്‌ത്രക്രിയ നടത്തിയത്. അപകടത്തെ തുടർന്ന് മസ്‌തിഷ്‌ക മരണം സംഭവിച്ച കോട്ടയം സ്വദേശി ലാലിച്ചന്റെ (ജോസഫ് മാത്യു) ഹൃദയമാണ് ശ്രുതിയിൽ മിടിക്കുന്നത്.
പിറവം ആരക്കുന്നം സ്വദേശിയായ ശ്രുതിക്ക് ഹൃദയം ക്രമാതീതമായി വികസിക്കുന്ന ഡൈലേറ്റഡ് കാർഡിയോ മയോപ്പതി എന്ന അസുഖമായിരുന്നു. കൂടാതെ ജൻമനാ തന്നെ ഒരു കിഡ്‌നി മാത്രം ഉണ്ടായിരുന്ന ശ്രുതിക്ക് രക്‌തധമനികൾ ചുരുങ്ങുന്ന ടക്കയാസു എന്ന അസുഖവും ഉണ്ടായിരുന്നു.
ടക്കയാസു അസുഖമുള്ള വ്യക്‌തിയിൽ ഏഷ്യയിൽ ആദ്യമായി നടന്ന വിജയകരമായ ഹൃദയം മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയയായിരുന്നു ശ്രുതിയുടേത്. പിറവത്തെ സാമൂഹ്യ-രാഷ്‌ട്രീയ രംഗത്തെ വ്യക്‌തികൾ ചേർന്നാണ് ശ്രുതിയുടെ ചികിൽസയ്‌ക്ക് ആവശ്യമായ പണം കണ്ടെത്തിയത്.
ചികിൽസയും വിശ്രമത്തിനും ശേഷം ചെറിയ ചെറിയ ജോലികൾ ചെയ്‌ത ശ്രുതി ഇപ്പോൾ സ്വന്തമായി ജ്വല്ലറി മേക്കിങ്ങിലേക്ക് കടന്നിരിക്കുകയാണ്. ഓൺലൈനായി വാങ്ങുന്ന വസ്‌തുക്കൾ ഉപയോഗിച്ച് ആകർഷകമായ ആഭരണങ്ങൾ വീട്ടിലിരുന്ന് നിർമിക്കുകയാണ് ശ്രുതിയിപ്പോൾ. ഇത് വിപുലപ്പെടുത്തി സ്വന്തമായി ഒരു സ്‌ഥാപനം ആരംഭിക്കുകയാണ് ശ്രുതിയുടെ സ്വപ്‌നം.

ലിസി ആശുപത്രിയിൽ നടന്ന ചടങ്ങിൽ മാനേജിങ് ഡയറക്‌ടർ ഫാ. പോൾ കരേടന്റെ നേതൃത്വത്തിൽ കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടു. എക്‌സിക്യൂട്ടീവ് ഡയറക്‌ടർമാരായ ഫാ. റോജന്‍ നങ്ങേലിമാലില്‍, ഫാ. റെജു കണ്ണമ്പുഴ, ജോയിന്റ് ഡയറക്‌ടർ ഫാ. വര്‍ഗീസ് അമ്പലത്തിങ്കല്‍, ഡോ. റോണി മാത്യു, ഡോ. ജേക്കബ് എബ്രഹാം, ഡോ. ഭാസ്‌കർ രംഗനാഥന്‍, ഡോ. ജോ ജോസഫ്, ഡോ. ജീവേഷ് തോമസ്, ഡോ.ജോബ് വില്‍സണ്‍, ഡോ. ഗ്രേസ് മരിയ, ഡോ. പി മുരുകന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഡോക്‌ടര്‍മാരും ജീവനക്കാരും ശ്രുതിയുടെ കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.
Most Read| പൈലറ്റുമാരിൽ ലഹരി പരിശോധന നിർബന്ധമാക്കി എയർ ഇന്ത്യ



































