കാസർഗോഡ്: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്കായി സംഘടിപ്പിച്ച ക്വിസ് മൽസരത്തിലെ ചോദ്യാവലിയിൽ വിഡി. സവർക്കറെ പുകഴ്ത്തിയുള്ള ചോദ്യം ഉൾപ്പെട്ട സംഭവത്തിൽ അധ്യാപകനെ സസ്പെൻഡ് ചെയ്ത സർക്കാർ നടപടി സ്റ്റേ ചെയ്യാതെ ഹൈക്കോടതി.
വിവാദ ചോദ്യത്തിന്റെ പേരിൽ സസ്പെൻഡ് ചെയ്ത നടപടി ചോദ്യം ചെയ്താണ് കാസർഗോഡ് പള്ളത്തടുക്ക എയുപി സ്കൂൾ അധ്യാപകൻ ഗുരുപ്രസാദ് റായ് ഹൈക്കോടതിയെ സമീപിച്ചത്. സസ്പെൻഷനും അച്ചടക്ക നടപടിയും നിയമവിരുദ്ധമെന്നാണ് ഹരജിയിലെ വാദം. ചോദ്യം ചരിത്രപരമായി തെറ്റാണെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ലെന്നും ഗുരുപ്രസാദ് ചൂണ്ടിക്കാട്ടി.
അതേസമയം, സസ്പെൻഷന്റെ കൃത്യമായ കാരണം അറിയിക്കാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകി. വീഴ്ചയുണ്ടെങ്കിൽ അധ്യാപകനെ സസ്പെൻഡ് ചെയ്യാൻ സർക്കാരിന് അധികാരമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാൽ, ചോദ്യം തെറ്റാണെങ്കിൽ സസ്പെൻഷന്റെ ആവശ്യമുണ്ടോയെന്ന് ജസ്റ്റിസ് വിജു ഏബ്രഹാം ചോദിച്ചു.
അച്ചടക്ക നടപടിയിലേക്ക് കടന്നാൽ പോരേയെന്നും സസ്പെൻഷൻ ശിക്ഷാനടപടിയാണോ എന്നും കോടതി ആരാഞ്ഞു. എന്നാൽ, സസ്പെൻഷൻ അച്ചടക്ക ഭാഗമാണെന്നായിരുന്നു സർക്കാർ മറുപടി. തുടർന്നാണ് വീണ്ടും ഹരജി പരിഗണിക്കുന്ന തിങ്കളാഴ്ച നടപടിയുടെ കൃത്യമായ കാരണം വിശദീകരിക്കാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടത്.
ഓഗസ്റ്റ് ആറിന് കാസർഗോഡ് മഞ്ചേശ്വരം ഉപജില്ലയിലെ എൽപി വിഭാഗം വിദ്യാർഥികൾക്കായി സോഷ്യൽ സയൻസ് ക്ളബ് അസോസിയേഷൻ നടത്തിയ ‘ഫ്രീഡം ക്വിസ് 2026′ മൽസരത്തിലെ ചോദ്യമാണ് വിവാദമായത്. ബ്രിട്ടീഷ് ഭരണകാലത്ത് ഏറ്റവും കൂടുതൽ കാലം ജയിൽശിക്ഷ അനുഭവിച്ച സ്വാതന്ത്ര്യസമര സേനാനി ആരെന്നായിരുന്നു ചോദ്യം.
അധ്യാപകർക്ക് നൽകിയ ഉത്തര സൂചികയിൽ ഇതിന്റെ ഉത്തരമായി രേഖപ്പെടുത്തിയത് വിഡി സവർക്കർ എന്നാണ്. സംഭവത്തിൽ ചോദ്യാവലി തയ്യാറാക്കിയ അധ്യാപകനായ ഗുരു പ്രസാദിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീന്റെ നിർദ്ദേശത്തെ തുടർന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ആണ് നടപടി സ്വീകരിച്ചത്.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം


































