
തിരുവനന്തപുരം: കലയും സാഹിത്യവും വിദ്യാർഥികളുടെ സർഗപരമായ വളർച്ചയ്‌ക്ക് അനിവാര്യമാണെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. ശാസ്‌ത്രം, ഗണിതം, ഭാഷകൾ, കമ്പ്യൂട്ടർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ വിഷയങ്ങൾക്കൊപ്പം കലയും സാഹിത്യവും വിദ്യാഭ്യാസത്തിന്റെ അവിഭാജ്യഘടകമാണെന്നും മന്ത്രി പറഞ്ഞു.
സ്‌റ്റേറ്റ് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്‌നോളജി (എസ്ഐഇടി) വിദ്യാർഥികൾക്കായി തയ്യാറാക്കിയ ‘കലാവിദ്യാഭ്യാസം ഡിജിറ്റൽ ഉള്ളടക്കങ്ങൾ’ തിരുവനന്തപുരം തൈക്കാട് ഗവ. മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പരിപാടിയിൽ പ്രകാശനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സമഗ്ര ഗുണമേൻമ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പുറത്തിറക്കിയ ഡിജിറ്റൽ പഠനസാമഗ്രികൾ കുട്ടികളിൽ സർഗാത്‌മകതയും കലാബോധവും വളർത്താൻ സഹായിക്കും. കലാധ്യാപകരില്ലാത്ത ചെറിയ വിദ്യാലയങ്ങളിൽ മറ്റ് വിഷയങ്ങളിലെ അധ്യാപകർക്ക് പോലും ഈ ഡിജിറ്റൽ പഠന സാമഗ്രികൾ ഉപയോഗപ്പെടുത്തി കുട്ടികൾക്ക് കലാപരിശീലനം നൽകാൻ കഴിയുമെന്നതാണ് പദ്ധതിയുടെ പ്രധാന സവിശേഷതയെന്ന് മന്ത്രി പറഞ്ഞു.
കലയും സാഹിത്യവുമില്ലാത്ത ലോകം മരുഭൂമിക്ക് സമാനമാണെന്നും, പരമ്പരാഗത കലാരൂപങ്ങൾ സംരക്ഷിക്കാനും പുതിയ തലമുറയിലേക്ക് കൈമാറാനും ഈ രീതിയിൽ കൂടുതൽ പ്രോൽസാഹനം നൽകേണ്ടതുണ്ടെന്നും മന്ത്രി വ്യക്‌തമാക്കി.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തിയാണ് എസ്ഐഇടി പഠനപ്രവർത്തനങ്ങൾ കൂടുതൽ ആകർഷകമാക്കുന്നത്. ഗോത്രഭാഷകൾ, ആരോഗ്യം, കായിക വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ എസ്ഐഇടി വികസിപ്പിച്ച പഠനസാമഗ്രികൾ ഇതിനകം ദേശീയ ശ്രദ്ധ നേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വിദ്യാർഥികളിൽ നിന്ന് മികച്ച സാഹിത്യകാരൻമാരും കലാകാരൻമാരും പ്രഭാഷകരും ഉയർന്നുവരണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. പ്രകാശനം ചെയ്‌ത ഡിജിറ്റൽ പഠനപദ്ധതികൾ സംസ്‌ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലെയും വിദ്യാർഥികളിലേക്ക് ഫലപ്രദമായി എത്തുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Most Read| പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്‌ത സംഭവം; ക്ഷമാപണവുമായി മെറ്റ
































