തിരുവനന്തപുരം: ജനപ്രിയ പ്രഖ്യാപനങ്ങൾ നടപ്പാക്കിയും അടിസ്‌ഥാന സൗകര്യ വികസനങ്ങൾ നേട്ടമായി ഉയർത്തിക്കാട്ടിയും യുഡിഎഫ് സർക്കാർ ഇന്ന് നൂറാം ദിനത്തിലേക്ക്. മേയ് 18നാണ് മുഖ്യമന്ത്രി വിഡി സതീശന്റെ നേതൃത്വത്തിലുള്ള ടീം യുഡിഎഫ് അധികാരത്തിലേറിയത്.
കേരളത്തെ ലഹരിമുക്‌തമാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ ‘ഓപ്പറേഷൻ തൂഫാൻ’ തന്നെയാണ് സർക്കാരിന്റെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്ന്. അതിശക്‌തമായ ലഹരിവേട്ടയാണ് സംസ്‌ഥാനത്തുടനീളം നടക്കുന്നത്. കൂടാതെ, സ്‌ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിച്ചുകൊണ്ടുള്ള ‘പ്രിയദർശിനി പദ്ധതി’യും സർക്കാരിന് എടുത്തുപറയാവുന്ന നേട്ടമായി.
വിഴിഞ്ഞം വികസനവും വിവിധ ക്ഷേമപ്രവർത്തനങ്ങളും കൈയ്യടി നേടി. ഓണക്കാലത്ത് വിപണിയിലേക്ക് ഉൽപ്പന്നങ്ങൾ എത്തിക്കാനും അവ കുറഞ്ഞ വിലയ്‌ക്ക് ലഭ്യമാക്കാനും സപ്ളൈകോ നിർണായക ഇടപെടൽ നടത്തി, ആശാ, അങ്കണവാടി വർക്കർമാരുടെ വേതനത്തിൽ വർധനവ് നടപ്പാക്കി, കിഫ്ബിയെ കുറിച്ചുള്ള ആരോപണങ്ങൾ അന്വേഷിക്കാൻ നടപടികളെടുത്തു, സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചു തുടങ്ങിയ കാര്യങ്ങളും സർക്കാരിന്റെ നേട്ടമായി എടുത്തുപറയുന്നുണ്ട്.
തുടക്കം അത്ര എളുപ്പമായിരുന്നില്ല സർക്കാരിന്. ആദ്യ നാളുകളിൽ വിവാദങ്ങൾ ഒന്നൊന്നായി തേടിയെത്തി. മുഖ്യമന്ത്രിക്ക് വേണ്ടിയുള്ള ചർച്ചകളും സത്യപ്രതിജ്‌ഞാ ചടങ്ങിൽ വന്ദേമാതരം ആലപിച്ചതും പിഎം ശ്രീ പദ്ധതിയിലെ നിലപാടും പ്രളയ സമയത്തെ മുഖ്യമന്ത്രിയുടെ ഹെലികോപ്‌ടർ യാത്രയും പൊന്നാനിയിലെ വിരുന്നും മന്ത്രിമാരുടെ പേഴ്‌സണൽ സ്‌റ്റാഫ് നിയമനവും പ്‌ളീഡർ നിയമനവും വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറക്കാനുള്ള നീക്കവും എൻ. ശേഷാദ്രിനാഥന്റെ കമ്മീഷണർ നിയമനവും വിഴിഞ്ഞത്തെ ഓഹരി കൈമാറ്റവും വിഴിഞ്ഞത്ത് ടാറ്റാ ഗ്രൂപ്പ് നിക്ഷേപം നടത്തുമെന്ന മുഖ്യമന്ത്രിയുടെ പരാമർശവും പ്രിയദർശിനി പദ്ധതിയുമായി ബന്ധപ്പെട്ട ഗതാഗത മന്ത്രി സിപി ജോണിന്റെ പ്രസ്‌താവനയും യുഡിഎഫിനെ വെട്ടിലാക്കി.
നിലവിൽ സംസ്‌ഥാനത്തെ ഓണാഘോഷം കെങ്കേമമാക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ. ഓണാഘോഷത്തിന് ശേഷം സെപ്‌തംബർ നാലിനും അഞ്ചിനും ഭരണ പരിശീലന പരിപാടിക്കായി മന്ത്രിസഭ ഒന്നാകെ കോഴിക്കോട്ടേക്ക് പോകും.
Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം





































