ന്യൂഡെൽഹി: വാഗ്‌ദാനങ്ങൾ പാലിക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി കോക്രോച്ച് ജനത പാർട്ടി (സിജെപി) വീണ്ടും സമരത്തിനൊരുങ്ങുന്നു. സെപ്‌തംബർ അഞ്ചിന് രാജ്യവ്യാപകമായി സമാധാനപരമായ സമരം നടത്തുമെന്ന് സിജെപി വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഇന്ത്യാ ഗേറ്റിൽ നിന്ന് ആരംഭിക്കുന്ന സമരം തുടർന്ന് ഡെൽഹി പോലീസ് ആസ്‌ഥാനത്തേക്ക് നീങ്ങും. നീറ്റ് പരീക്ഷാ ക്രമക്കേടിനെ തുടർന്ന് ജീവനൊടുക്കിയ വിദ്യാർഥികളുടെയും പോലീസ് ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥികളുടെയും കുടുംബങ്ങളും യുവാക്കളുടെ സംഘടനകളും യുവാക്കളും സമരത്തിൽ പങ്കാളികളാകുമെന്നാണ് കരുതുന്നതെന്നും സിജെപി വ്യക്‌തമാക്കി.
ജന്തർ മന്തർ സമരവുമായി ബന്ധപ്പെട്ട് ജൂലൈ 25ന് നൽകിയ വാഗ്‌ദാനങ്ങൾ പാലിക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടന്നാണ് സിജെപി ആരോപിക്കുന്നത്. ഒരുമാസം പിന്നിട്ടിട്ടും സർക്കാർ വാക്ക് പാലിക്കാൻ തയ്യാറായിട്ടില്ല. ഇക്കാര്യത്തിൽ സിജെപിക്ക് ആശങ്കയുണ്ട്. വാഗ്‌ദാനങ്ങൾ നടപ്പാക്കുന്നതിന് പകരം സർക്കാർ നടപടി വൈകിപ്പിക്കുകയാണെന്നും സിജെപി വാർത്താക്കുറിപ്പിൽ പറഞ്ഞു.
ഓഗസ്‌റ്റ് 18ന് രാജ്യത്താകമാനം വിദ്യാർഥി പ്രക്ഷോഭത്തിനെതിരെ രജിസ്‌റ്റർ ചെയ്‌ത എഫ്ഐആറുകളുടെ പട്ടിക സുപ്രീം കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന് കൃത്യമായ ഉത്തരമുണ്ടായിരുന്നില്ല. കേന്ദ്ര സർക്കാർ സിജെപിക്ക് എഴുതി തയ്യാറാക്കി നൽകിയ വാക്കുകളും പാലിച്ചിട്ടില്ലെന്നും സിജെപി ആരോപിച്ചു.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം






































