ന്യൂഡെൽഹി: ഇന്ത്യ-ചൈന അതിർത്തി തർക്കവുമായി ബന്ധപ്പെട്ട് നിർണായക ചർച്ച ഇന്ന് നടക്കും. ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മിൽ ബെയ്‌ജിങ്ങിൽ വെച്ചാണ് ചർച്ച നടത്തുന്നത്. ഇനിയും തർക്കം പരിഹരിക്കപ്പെടാത്ത 3500 കിലോമീറ്റർ അതിർത്തിയെ കുറിച്ചാണ് ചർച്ച.
ഇന്ത്യ- ചൈന അതിർത്തി തർക്കം സമഗ്രമായി പരിഹരിക്കുന്നതിനായി 2003ലാണ് പ്രത്യേക പ്രതിനിധികളുടെ ചർച്ചാ സംവിധാനം രൂപീകരിച്ചത്. ഈ സംവിധാനം വഴി തർക്കങ്ങൾക്ക് പൂർണ പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ലെങ്കിലും ഇരുരാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിൽ ഉണ്ടാകുന്ന കടുത്ത സംഘർഷങ്ങൾ ലഘൂകരിക്കാൻ കാരണമായെന്നാണ് ഇരുപക്ഷത്തിന്റെയും വിലയിരുത്തൽ.
കഴിഞ്ഞവർഷം ഓഗസ്‌റ്റിൽ ടിയാൻജിനിൽ നടന്ന ഷാങ്‌ഹായ് കോപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിക്കിടെയാണ് ഡോവലും വാങ് യിയും അവസാനമായി കൂടിക്കാഴ്‌ച നടത്തിയത്.
ഈമാസം അവസാനം ഷാങ്‌ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചകോടിയും അടുത്തമാസം ബ്രിക്‌സ് ഉച്ചകോടിയും നടക്കാനിരിക്കെയുള്ള കൂടിക്കാഴ്‌ച ഏറെ നിർണായകമാണ്. ചൈനീസ് പ്രസിഡണ്ട് ഷി ചിൻപിങ് ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും ഷി ജിൻപിങ്ങും തമ്മിൽ പ്രത്യേക കൂടിക്കാഴ്‌ച നടത്താനും ഉഭയകക്ഷി ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള വഴികൾ ചർച്ച ചെയ്യാനും ഇതിലൂടെ അവസരമൊരുങ്ങുമെന്ന ശുഭപ്രതീക്ഷയിലാണ് ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്‌ഥർ.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം






































