കൊല്ലം സെയിലേഴ്‌സിനെ വീഴ്‌ത്തി കൊച്ചി ബ്ളൂ ടൈഗേഴ്‌സ്; മിന്നും തുടക്കം

രണ്ടാം മൽസരത്തിൽ കൊല്ലം സെയിലേഴ്‌സിസിനെ 31 റൺസിന് തോൽപ്പിച്ചാണ് ബ്ളൂ ടൈഗേഴ്‌സ് വിജയം നേടിയത്. ആറാം വിക്കറ്റിൽ സച്ചിൻ സുരേഷും കാർത്തിക് ബി. നായരും ചേർന്നുള്ള തകർപ്പൻ കൂട്ടുകെട്ടാണ് ബ്ളൂ ടൈഗേഴ്‌സിനെ 189 റൺസെന്ന മികച്ച സ്‌കോറിലെത്തിച്ചത്.

By Senior Reporter, Malabar News
Kochi Blue Tigers Team
ടീം കൊച്ചി ബ്ളൂ ടൈഗേഴ്‌സ് / Image Courtesy: Kochi Blue Tigers FB Page / Cropped by Team MN

തിരുവനന്തപുരം: കെസിഎല്ലിലെ (കേരള ക്രിക്കറ്റ് ലീഗ്) രണ്ടാം മൽസരത്തിൽ നിലവിലെ ചാംപ്യന്‍മാരായ കൊച്ചി ബ്ളൂ ടൈഗേഴ്‌സിന് ജയം. കൊല്ലം സെയിലേഴ്‌സിസിനെ 31 റൺസിന് തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്‌ത കൊച്ചി 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്‍ടത്തിലാണ് 189 റൺസെടുത്തത്.

ആറാം വിക്കറ്റിൽ സച്ചിൻ സുരേഷും കാർത്തിക് ബി. നായരും ചേർന്നുള്ള തകർപ്പൻ കൂട്ടുകെട്ടാണ് ബ്ളൂ ടൈഗേഴ്‌സിനെ മികച്ച സ്‌കോറിലെത്തിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്ലം സെയിലേഴ്‌സിന്‌ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്‌ടത്തിൽ 158 റൺസ് മാത്രമാണ് നേടാനായത്. കൊച്ചിക്ക് വേണ്ടി അർധ സെഞ്ചറി നേടിയ സച്ചിൻ സുരേഷാണ് പ്ളെയർ ഓഫ് ദ് മാച്ച്.

ബാറ്റിങ്ങിനിറങ്ങിയ കൊച്ചിക്ക് വേണ്ടി വിനൂപ് മനോഹരനും വിപുൽ ശക്‌തിയും ചേർന്ന് 56 റൺസ് നേടി. വിനൂപ് 37 റൺസും വിപുൽ 12 റൺസുമെടുത്ത് പുറത്തായി. തുടർന്നെത്തിയ ജോബിൻ ജോബിയും (7), മനു കൃഷ്‌ണനും (13), സാലി സാംസണും (8) കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. ഒടുവിൽ സച്ചിൻ സുരേഷും കാർത്തിക് ബി നായരും ചേർന്നാണ് കളിയുടെ ഗതി കൊച്ചിക്ക് അനുകൂലമാക്കിയത്.

അവസാന അഞ്ച് ഓവറിൽ ഇരുവരും ചേർന്ന് 78 റൺസാണ് അടിച്ചുകൂട്ടിയത്. സച്ചിൻ സുരേഷ് 32 പന്തുകളിൽ നിന്ന് 58 റൺസും കാർത്തിക് 17 പന്തുകളിൽ നിന്ന് 38 റൺസും നേടി പുറത്താകാതെ നിന്നു. മൂന്ന് ഫോറും അഞ്ച് സിക്‌സും നേടിയ സച്ചിൻ 28 പന്തുകളിൽ നിന്നാണ് അർധസെഞ്ചറി തികച്ചത്. ഒരു ബൗണ്ടറിയും നാല് സിക്‌സും അടങ്ങുന്നതായിരുന്നു കാർത്തിക്കിന്റെ ഇന്നിങ്‌സ്.

കൊല്ലം സെയിലേഴ്‌സിന് വേണ്ടി വിജയ് വിശ്വനാഥ് രണ്ടാം വിക്കറ്റ് വീഴ്‌ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്ലത്തിന് അഭിഷേക് നായരും ആനന്ദ് കൃഷ്‌ണനും ചേർന്ന് ഭേദപ്പെട്ട തുടക്കം നൽകി. തുടർന്നെത്തിയ ക്യാപ്റ്റൻ വൽസൻ ഗോവിന്ദും അഭിഷേക് നായരും ചേർന്ന കൂട്ടുകെട്ടാണ് കൊല്ലത്തിന് പ്രതീക്ഷ നൽകിയത്. ഇരുവരും ചേർന്ന് 60 റൺസ് നേടി.

എന്നാൽ, ഇരുവരും അടുത്തടുത്ത ഇടവേളകളിൽ പുറത്തായത് കൊല്ലത്തിന് തിരിച്ചടിയായി. അവസാന ഓവറുകളിൽ കൂറ്റൻ ഷോട്ടുകളുമായി ഷറഫുദ്ദീൻ (28) പൊരുതിയെങ്കിലും കൊല്ലത്തിന്റെ സ്‌കോർ 158ൽ ഒതുങ്ങി. കൊച്ചിക്ക് വേണ്ടി കെഎം ആസിഫും മിഥുനും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.

ഓഗസ്‌റ്റ് 20ന് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിലാണ് കെസിഎൽ മൽസരങ്ങൾക്ക് തുടക്കമായത്. സെപ്‌തംബർ അഞ്ചുവരെ നടക്കുന്ന  ടൂർണമെന്റിൽ ആകെ ആറ് ടീമുകളാണ് ഏറ്റുമുട്ടുന്നത്. ഉൽഘാടന മൽസരത്തിൽ കാലിക്കറ്റ് ഗ്ളോബ് സ്‌റ്റാർസിനെ തോൽപ്പിച്ച് തൃശൂർ ടൈറ്റൽസ് വിജയത്തുടക്കം കുറിച്ചിരുന്നു.

Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE