മുംബൈ: പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിയും ശിരോമണി അകാലിദൾ നേതാവുമായ സുഖ്ബീർ സിങ് ബാദലിന് നേരെ ആക്രമണം. മഹാരാഷ്ട്രയിലെ നന്ദേദ് സാഹിബിലുള്ള മാതാ സാഹിബ് ഗുരുദ്വാരയ്ക്ക് സമീപത്തുവെച്ച് ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. സാരമായി പരിക്കേറ്റ ബാദലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൂർത്ത ആയുധം ഉപയോഗിച്ചാണ് അക്രമി ബാദലിനെ അക്രമിച്ചതെന്നാണ് വിവരം. ഇദ്ദേഹത്തിന്റെ കൈക്കാണ് പരിക്കേറ്റത്. ആക്രമണം തടയാൻ ശ്രമിച്ച ഒരു പോലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റിട്ടുണ്ട്. നിഹാംഗ് വിഭാഗക്കാരനാണ് അക്രമിച്ചതെന്നാണ് പ്രാഥമിക വിവരം. ആക്രമണ സമയത്ത് ബാദലിന്റെ ഭാര്യയും അകാലിദൾ എംപിയുമായ ഹർസിമ്രത് കൗർ ബാദലും ഒപ്പമുണ്ടായിരുന്നു.
ആക്രമണം നടത്തിയെന്ന് സംശയിക്കുന്ന ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 2024ലും ബാദലിന് നേരെ വധശ്രമം ഉണ്ടായിട്ടുണ്ട്. അമൃത്സറിലെ സുവർണ ക്ഷേത്രത്തിന് മുന്നിൽവെച്ചായിരുന്നു ആക്രമണം. തോക്കുധാരി ബാദലിന് നേരെ പാഞ്ഞടുത്തെങ്കിലും ജനക്കൂട്ടവും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് അക്രമിയെ കീഴടക്കുകയായിരുന്നു.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം

































