തിരുവനന്തപുരം: കണ്ണമ്മൂല സ്വദേശിയും യുവമോർച്ച യൂണിറ്റ് സെക്രട്ടറിയുമായിരുന്ന വിഷ്‌ണുവിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നുമുതൽ ഏഴുവരെയുള്ള പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി. ഇതിന് പുറമെ, വിവിധ വകുപ്പുകൾ പ്രകാരം പ്രതികൾ 20 വർഷം കഠിനതടവും അനുഭവിക്കണം. നെടുമങ്ങാട് എസ്‌സി/ എസ്‌ടി പ്രത്യേക കോടതിയുടേതാണ് ഉത്തരവ്.
കണ്ണമ്മൂല കൊല്ലൂർ വയൽ നികത്തിയ വീട്ടിൽ അരുൺ, തോട്ടരികത്ത് വീട്ടിൽ ലല്ലു, തോട്ടുവരമ്പിൽ വീട്ടിൽ രാജേഷ്, കലാകൗമുദി റോഡ് മുടമ്പിൽ വീട്ടിൽ സനൽ കുമാർ, കുളവരമ്പിൽ വീട്ടിൽ ശ്രീനാഥ്, പട്ടം പിടി ചാക്കോ നഫാർ മഠത്തുവിളാകം വീട്ടിൽ വിജീഷ്, കണ്ണമ്മൂല കുളവരമ്പിൽ വീട്ടിൽ മനു എന്നിവർക്കെതിരെയാണ് ജഡ്‌ജി എ. ഷാജഹാൻ ശിക്ഷ വിധിച്ചത്.
13 പ്രതികളിൽ ഒമ്പത് മുതൽ 13 വയസുള്ളവരെ വിട്ടയച്ചിരുന്നു. എട്ടാം പ്രതി സുരേഷ് മരിച്ചു. ഡിനി ബാബു, ജയൻ, അജേഷ് ഉണ്ണിക്കൃഷ്‌ണൻ, ദിലീപ് എന്നിവരെയാണ് വിട്ടയച്ചത്. ഡിനി ബാബുവിന്റെ സഹോദരൻ സുനിൽ ബാബുവിനെ 2015ൽ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാൾ വിഷ്‌ണുവിന്റെ ബന്ധുവായിരുന്നു. ഈ വൈരാഗ്യമാണ് വിഷ്‌ണുവിനെ കൊലപ്പെടുത്താൻ കാരണമെന്നാണ് കേസ്.
കേസിൽ പ്രതികളായ ഓരോരുത്തരും 1,75,000 രൂപ വീതം പിഴയൊടുക്കണം. ഈ പിഴത്തുകയിൽ നിന്നും കൊല്ലപ്പെട്ട വിഷ്‌ണുവിന്റെ അമ്മയ്‌ക്ക് (രണ്ടാം സാക്ഷി) അഞ്ചുലക്ഷം രൂപ നൽകാനും കോടതി വിധിച്ചു. ഒന്നാം സാക്ഷിക്കും മൂന്നാം സാക്ഷിക്കും (വിഷ്‌ണുവിന്റെ അച്ഛനും അച്ഛന്റെ സഹോദരിയും) മൂന്നുലക്ഷം രൂപ വീതം നൽകാനും വിധിയായി. കൂടാതെ, ഒന്ന് മുതൽ മൂന്നുവരെയുള്ള സാക്ഷികൾക്ക് ലീഗൽ സർവീസ് അതോറിറ്റി വഴി നഷ്‌ടപരിഹാരം നൽകാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
2016 ഒക്‌ടോബർ ഏഴിന് പുത്തൻപാലം വിദ്യാധിരാജ റോഡിൽ വീടിന് സമീപം നിൽക്കുമ്പോഴാണ് വിഷ്‌ണുവിനെ ആറംഗ സംഘം ആക്രമിച്ചത്. തടയാൻ ശ്രമിച്ച അമ്മ ബിന്ദു, ബന്ധുവായ ലൈല എന്നിവർക്കും വെട്ടേറ്റിരുന്നു. മാതാപിതാക്കൾക്കൊപ്പം വീടിന് സമീപം നിൽക്കവേ ആക്രമിക്കപ്പെട്ട വിഷ്‌ണു, ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്നെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ആദ്യം പേട്ട പോലീസ് അന്വേഷിച്ച കേസ് പിന്നീട് ശംഖുമുഖം അസിസ്‌റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ ആകെ 12 പ്രതികളാണ് ഉള്ളത്. ഇതിൽ ആദ്യ ഏഴ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. 144 രേഖകളും 34 തൊണ്ടിമുതലുകളും ഹാജരാക്കി.
Most Read| ‘ഇന്ത്യൻ ഡോറി’; അറബിക്കടലിൽ പുതിയ ഇനം മൽസ്യത്തെ കണ്ടെത്തി





































