കൊച്ചി: മാസപ്പടി കേസിൽ നിർണായക മൊഴി പിൻവലിച്ച് സിഎംആർഎൽ ചീഫ് ഫിനാൻസ് ഓഫീസർ കെ. സുരേഷ് കുമാർ. എക്സാലോജിക്ക് സിഎംആർഎല്ലിന് സേവനം നൽകിയിട്ടില്ലെന്നും രാഷ്ട്രീയ നേതാക്കൾക്ക് പണം നൽകിയിട്ടുണ്ടെന്നുമുള്ള ഇഡിക്ക് നൽകിയ മൊഴി പിൻവലിക്കാൻ സുരേഷ് കുമാർ സത്യവാങ്മൂലം നൽകി.
ഇഡി ഉദ്യോഗസ്ഥരുടെ ഭീഷണിക്കും തുടർച്ചയായ ചോദ്യം ചെയ്യലിനും വഴങ്ങിയാണ് അന്ന് മൊഴി നൽകിയതെന്നാണ് സുരേഷ് കുമാറിന്റെ പുതിയ നിലപാട്. 2024 ഏപ്രിൽ 15നാണ് സുരേഷ് കുമാറിനെ ഇഡി ചോദ്യം ചെയ്തത്. തുടർന്ന് മേയ് 15ന് മൊഴി പിൻവലിച്ചുകൊണ്ടുള്ള റിട്രാക്ഷൻ സ്റ്റേറ്റ്മെന്റ് ഇഡിക്ക് നൽകിയതായാണ് വിവരം.
ഹൈക്കോടതിയുടെ നിർദ്ദേശങ്ങൾ മറികടന്നാണ് ചോദ്യം ചെയ്യൽ നടന്നതെന്നും സുരേഷ് കുമാർ ആരോപിക്കുന്നു. ബലപ്രയോഗമോ ഭീഷണിയോ പാടില്ലെന്ന നിർദ്ദേശം ഉണ്ടായിരുന്നെങ്കിലും ദീർഘനേരം മാനസികമായും ശാരീരികമായും സമ്മർദ്ദത്തിലാക്കിയെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
താൻ പറഞ്ഞ മൊഴികൾ അന്വേഷണ ഉദ്യോഗസ്ഥർ മുഖവിലക്കെടുക്കാൻ തയ്യാറായില്ലെന്ന് സത്യവാങ്മൂലത്തിൽ സുരേഷ് കുമാർ ആരോപിക്കുന്നു. രാഷ്ട്രീയ നേതാക്കളുടെ പേരുകൾ പറയാൻ ഇഡി തന്നെ നിർബന്ധിച്ചതായും അദ്ദേഹം ആരോപിക്കുന്നു. പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരത്തിലിരിക്കെ, അദ്ദേഹത്തിന്റെ മകൾ വീണയ്ക്ക് പണം നൽകിയത് മുഖ്യമന്ത്രിയുടെ മകൾ ആയതുകൊണ്ടാണെന്നായിരുന്നു സുരേഷ് കുമാറിന്റെ മൊഴി.
ഈ മൊഴിയാണ് പിണറായി വിജയനുള്ള കൈക്കൂലിയാണ് ഇതെന്ന രീതിയിൽ ഇഡി തങ്ങളുടെ റിപ്പോർട്ടിൽ പ്രധാനമായും ചൂണ്ടിക്കാണിച്ചിരുന്നത്. എന്നാൽ, നിലവിലെ സത്യവാങ്മൂലത്തിലൂടെ ഈ മൊഴിയാണ് സുരേഷ് കുമാർ ഇപ്പോൾ തിരുത്തുന്നത്.
പ്രധാന സാക്ഷിയുടെ മൊഴി പിന്നീട് പിൻവലിക്കുന്നത് അന്വേഷണ ഏജൻസിക്ക് നിയമപരമായ വെല്ലുവിളിയാകുമെന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ, മൊഴി മാത്രം അടിസ്ഥാനമാക്കിയല്ല കേസ് മുന്നോട്ടുപോകുന്നത്. മറ്റു രേഖകളും സാമ്പത്തിക ഇടപാടുകളുടെ തെളിവുകളും സാഹചര്യ തെളിവുകളും ലഭ്യമാണെങ്കിൽ അവയുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടരാനാകും.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം



































