കോഴിക്കോട്: സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദന് കോഴിക്കോട് നടക്കുന്ന വിശാല സംസ്‌ഥാന കമ്മിറ്റി യോഗത്തിൽ ശാസന. ഗോവിന്ദന്റെ പരസ്യ പ്രസ്‌താവനകൾ പാർട്ടിയെ പലപ്പോഴും പ്രതിരോധത്തിലാക്കി എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ശൈലി മാറ്റത്തിന് പിണറായി വിജയൻ തയ്യാറാകണമെന്നും വിശാല സംസ്‌ഥാന കമ്മിറ്റി നിർദ്ദേശിച്ചു.
കഴിഞ്ഞ ലോക്‌സഭാ, തദ്ദേശം നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സിപിഎം നേരിട്ട പരാജയത്തിന് കാരണം സംഘടനാപരമായ വീഴ്‌ചയാണെന്നും സംസ്‌ഥാന സെക്രട്ടറി എന്ന നിലയിൽ ഗോവിന്ദൻ പരാജയപ്പെട്ടെന്നും പാർട്ടിക്കുള്ളിൽ വിമർശനം ഉയർന്നിരുന്നു. തളിപ്പറമ്പിലെ പികെ ശ്യാമളയുടെ സ്‌ഥാനാർഥിത്വവും പരാജയവും ഗോവിന്ദനെതിരെയുള്ള വിമർശനങ്ങളുടെ ശക്‌തി കൂടിയിരുന്നു.
സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റിലും സമിതിയിലും മാറ്റങ്ങൾ
സിപിഎം വിശാല സമിതി യോഗത്തിൽ നാലുപേരെ സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു. സംസ്‌ഥാന സമ്മേളനങ്ങളിൽ നിന്ന് വിഭിന്നമായി വിശാല സമിതി യോഗമാണ് സംസ്‌ഥാന സംസ്‌ഥാന സെക്രട്ടറിയേറ്റും സമിതിയും പുനഃസംഘടിപ്പിക്കുന്ന അസാധാരണ നടപടി സ്വീകരിച്ചത്.
ചർച്ചകളിൽ ഉയർന്ന തെറ്റുതിരുത്തൽ നടപടികളുടെ ഭാഗമായാണ് നേതൃനിരയിൽ ഈ മുഖംമിനുക്കൽ എന്നാണ് വിലയിരുത്തൽ. മാദ്ധ്യമ പ്രവർത്തകനും രാജ്യസഭാ എംപിയുമായ ജോൺ ബ്രിട്ടാസ്, കണ്ണൂരിൽ നിന്ന് പി. ജയരാജൻ, തിരുവനന്തപുരത്ത് നിന്ന് വി. ശിവൻകുട്ടി, പാലക്കാട് നിന്ന് എംബി രാജേഷ് എന്നിവരെയാണ് പുതുതായി സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തിയത്.
പി. രാജീവിനെ എൽഡിഎഫ് കൺവീനറായി നിയോഗിക്കും. അതേസമയം, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ടിഎം തോമസ് ഐസക്, ടിപി രാമകൃഷ്‌ണൻ എന്നിവരെ സംസ്‌ഥാന സെക്രട്ടറിയേറ്റിൽ നിന്നും ഒഴിവാക്കി. പ്രായാധിക്യം ഉൾപ്പടെ ചൂണ്ടിക്കാട്ടിയാണ് ടിപിയെ ഒഴിവാക്കിയതെങ്കിലും തോമസ് ഐസക്കിനെ മാറ്റിയതിന്റെ കാരണം വ്യക്‌തമല്ല.
Most Read| എസി ജിം വർക്കൗട്ട്: കുഴഞ്ഞുവീണുള്ള മരണങ്ങൾക്ക് കാരണം ഓക്‌സിജൻ നിലവാരമോ?


































