തിരുവനന്തപുരം: പിഎസ്‌സി ക്രമക്കേട് കേസിൽ ചോദ്യം ചെയ്യലിന് അംഗങ്ങൾ വഴങ്ങാത്ത സാഹചര്യത്തിൽ ക്രൈം ബ്രാഞ്ച് നിയമോപദേശം തേടുന്നു. പിഎസ്‌സി ചെയർമാനും അംഗങ്ങൾക്കും നിയമപരിരക്ഷയുണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.
നടപടികളുമായി സഹകരിക്കേണ്ടതില്ലെന്ന അംഗങ്ങളുടെ തീരുമാനത്തെ തുടർന്ന് നിർണായക ചുവടുവെപ്പാണ് ക്രൈം ബ്രാഞ്ച് നടത്തുന്നത്. ചോദ്യം ചെയ്യലിനായി അന്വേഷണ ഉദ്യോഗസ്‌ഥർക്ക് മുന്നിൽ നേരിട്ട് ഹാജരാകില്ലെന്നും ആവശ്യമെങ്കിൽ ചേമ്പറിലെത്തി ചോദ്യം ചെയ്യാമെന്നുമാണ് പിഎസ്‌സി ചെയർമാന്റെ നിലപാട്.
ഇക്കാര്യം വ്യക്‌തമാക്കി ചെയർമാൻ കത്ത് നൽകിയതോടെയാണ് ചോദ്യം ചെയ്യലുമായി മുന്നോട്ടുപോകാൻ അന്വേഷണ സംഘം മറ്റു നിയമപരമായ വഴികൾ തേടുന്നത്. ആസൂത്രണ ബോർഡിലെ നിയമനത്തട്ടിപ്പ് കേസിലാണ് പിഎസ്‌സി അംഗങ്ങളുടെ ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച് നടപടി തുടങ്ങിയത്. എന്നാൽ, ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാനാകില്ലെന്നാണ് പിഎസ്‌സി അംഗങ്ങളുടെ നിലപാട്.
ക്രൈംബ്രാഞ്ച് ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. എസ്‌പി സക്കറിയ മാത്യു, ഡിവൈഎസ്‌പി അജയ് നാഥ് എന്നിവർ അന്വേഷണ സംഘത്തിലുണ്ട്. ക്രൈം ബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷാണ് മേൽനോട്ടം വഹിക്കുന്നത്.
ആസൂത്രണ ബോർഡിലെ ചീഫ് തസ്‌തികകളുമായി ബന്ധപ്പെട്ട പരീക്ഷാ നടത്തിപ്പിൽ തെറ്റുപറ്റിയെന്ന് ബോർഡിലെ പിഎസ്‌സി തുറന്നു സമ്മതിച്ചിരുന്നു. പത്ത് ചോദ്യങ്ങൾ മൂല്യനിർണയം നടത്താതെയാണ് റാങ്ക് ലിസ്‌റ്റ് പ്രസിദ്ധീകരിച്ചതെന്നാണ് പിഎസ്‌സി പത്രക്കുറിപ്പിൽ അടക്കം പറഞ്ഞത്.
Most Read| ഡ്രൈവിങ് ലൈസൻസ് ലഭിക്കാൻ ഇനിമുതൽ ഹസാഡ് പെർഷെപ്‌ഷൻ ടെസ്‌റ്റും



































