ന്യൂഡെൽഹി: ഇമിഗ്രേഷൻ പരിശോധനയില്ലാതെ ഡെൽഹിയിൽ നിന്ന് മ്യൂണിക്കിലേക്ക് വിമാനയാത്ര നടത്തി ഇറ്റാലിയൻ പൗരൻമാർ. എയർ ഇന്ത്യക്കാണ് ഗുരുതര വീഴ്ച സംഭവിച്ചത്. സംഭവത്തിൽ കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയം എയർ ഇന്ത്യയോട് വിശദീകരണം തേടി.
ഏഴ് ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്ന് കേന്ദ്രം നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സെപ്തംബർ നാലിനാണ് സംഭവം. പുലർച്ചെ 12.50ന് അമൃത്സറിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യയുടെ എഐ-1115 വിമാനത്തിലാണ് ഇറ്റാലിയൻ പൗരൻമാർ എത്തിയത്.
ഒരുമണിക്കൂറിനുശേഷം 1.45ഓടെ മ്യൂണിക്കിലേക്കുള്ള ലുഫ്താൻസായുടെ എൽഎഫ്0763 വിമാനത്തിൽ ഇവർ പോവുകയും ചെയ്തു. ഇന്ത്യ വിടുന്നതിന് മുൻപ് ഇവർ ഇമിഗ്രേഷൻ പരിശോധനക്ക് ഹാജരായിരുന്നില്ല.
രാജ്യാന്തര വിമാനയാത്ര നടത്തുന്നവരെ ചെറിയ വിമാനത്താവളങ്ങളിൽ നിന്ന് പ്രധാന വിമാനത്താവളത്തിലേക്ക് എത്തിക്കുന്ന എയർ ഇന്ത്യയുടെ ഹബ് ആൻഡ് സ്പോക് സംവിധാനത്തിലൂടെയാണ് മൂവരും യാത്ര ചെയ്തതെന്ന് വ്യോമയാന മന്ത്രാലയത്തിന്റെ നോട്ടീസിൽ പറയുന്നു.
ഇവർക്ക് ഡൊമസ്റ്റിക് ബോർഡിങ് പാസുകളാണ് നൽകിയിരുന്നത്. എന്നാൽ, അമൃത്സറിൽ വെച്ച് തന്നെ ഇവർക്ക് മ്യൂണിക്കിലേക്കുള്ള വിമാനത്തിന്റെ ബോർഡിങ് പാസുകളും നൽകിയിരുന്നു. ഇതിനെയാണ് കേന്ദ്രം ചോദ്യം ചെയ്തിട്ടുള്ളത്.
ആഭ്യന്തര (ഡി) ബോർഡിങ് പാസ്, രാജ്യാന്തര യാത്രക്കാർക്കായി ഐ ബോർഡിങ് പാസ് എന്നീ രണ്ട് ബോർഡിങ് പാസുകൾ നൽകാൻ മാത്രമേ എയർ ഇന്ത്യക്ക് അനുവാദമുള്ളൂ. ഇറ്റാലിയൻ പൗരൻമാർ ഡൽഹിയിലെത്തിയ ശേഷം അവരെ രാജ്യാന്തര യാത്രക്കാരായി കണക്കാക്കുകയും അവരെ ആഭ്യന്തര യാത്രക്കാരുടെ പാതയിൽ നിന്ന് മാറ്റി ഇമിഗ്രേഷൻ വിഭാഗത്തിലേക്ക് വിടേണ്ടിയിരുന്നെന്നും മന്ത്രാലയം വ്യക്തമാക്കി.
Most Read| മുട്ടയ്ക്കകത്ത് മറ്റൊരു മുട്ട! അമ്പരന്ന് വീട്ടുകാർ



































