തിരുവനന്തപുരം: സിഎംആർഎൽ-എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിൽ ടി വീണയിൽ നിന്ന് പിടിച്ചെടുത്ത രേഖകളിൽ കള്ളപ്പണം വെളുപ്പിച്ചതിന്റെ തെളിവുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). നടന്നത് വൻ കള്ളപ്പണ ഇടപാടാണെന്നും വിദേശത്തേക്ക് ഹവാല ഇടപാട് നടത്തിയതിൽ മുൻ മന്ത്രിയും വീണയുടെ പങ്കാളിയുമായി മുഹമ്മദ് റിയാസിന്റെ മുഖ്യ പങ്കുണ്ടെന്നും ഇഡി പറയുന്നു.
സംസ്‌ഥാന പോലീസ് മേധാവിക്ക് ഇഡി അയച്ച കത്തിനൊപ്പം തെളിവായി, വീണയുടെ പക്കൽ നിന്ന് കണ്ടെടുത്ത റെഡ് ബുക്കിലെ കുറിപ്പുകളും പണത്തിന്റെ കണക്കുകളും നൽകിയിട്ടുണ്ട്. ദുബായിലുള്ള വിപി ഫൈജാസ് എന്നയാൾക്ക് 2024 സെപ്‌തംബറിൽ 85 ലക്ഷം അയച്ചതായി റെഡ് ബുക്കിന്റെ മൂന്നാം പേജിൽ എഴുതിയിട്ടുള്ളതായി ഇഡി പറയുന്ന കുറിപ്പ്, ദുബായിലേക്ക് പണം കടത്തിയെന്ന് സൂചിപ്പിക്കുന്ന വാട്‌സ്ആപ് ചാറ്റുകൾ എന്നിവ റെയ്‌ഡുകളിൽ പിടിച്ചെടുത്തതാണെന്നും കത്തിൽ പറയുന്നു.
റിയാസുമായുള്ള അടുപ്പത്തെക്കുറിച്ച് ഹവാല ഇടപാടുകാരുടെ മൊഴികൾ ലഭിച്ചെന്നും കത്തിലുണ്ട്. തിരുവനന്തപുരം ബേക്കറി ജങ്ഷനിൽ പിണറായി വിജയനൊപ്പം വീണ താമസിച്ച വാടകവീട്ടിൽ മേയ് 27ന് ഇഡി നടത്തിയ റെയ്‌ഡിൽ പിടിച്ചെടുത്ത റെഡ് ബുക്കിലാണ് പണമിടപാട് വിവരങ്ങൾ കുറിച്ചിട്ടുള്ളതെന്ന് കത്തിൽ പറയുന്നു. റിയാസിന്റെ പൂർണ അറിവോടെ, അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ വഴി 2024 ജൂലൈ മുതൽ 2025 ജൂലൈ വരെയായിരുന്നു ഹവാല ഉൾപ്പടെയുള്ള പണമിടപാടുകൾ എന്നും കത്തിലുണ്ട്.
റിയാസിന്റെ സ്‌റ്റാഫ് അംഗങ്ങളും സുഹൃത്തുക്കളും കൂട്ടാളികൾ ആയെന്ന് ഇഡിയുടെ കത്തിൽ പറയുന്നുണ്ട്. ഹവാല കടത്തിന് വേണ്ടി 16 അംഗ വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ. മുൻ മന്ത്രിയുടെ സ്‌റ്റാഫ് അംഗങ്ങളും ഈ ഗ്രൂപ്പിലുണ്ട്. ഹവാല ഇടപാടുകാരൻ എന്ന് ഇഡി സംശയിക്കുന്ന കൊടുവള്ളി സ്വദേശിയും ഗ്രൂപ്പിൽ ഉണ്ടെന്ന് ഇഡി കണ്ടെത്തി.
2024 മേയ് മാസത്തിൽ അടക്കം വീണയും റിയാസും ദുബായിലേക്ക് ഒരുമിച്ച് പോയത് കള്ളപ്പണം വെളുപ്പിക്കാൻ വേണ്ടി ആയിരുന്നുവെന്ന് ഇഡി പറയുന്നു. വീണയ്‌ക്ക് ദുബായിലേക്ക് വസ്‌ത്രവ്യാപാരം നടത്തുന്നതിന് എന്ന പേരിൽ ബിനാമി കമ്പനി സ്‌ഥാപിക്കാൻ ആയിരുന്നു ലക്ഷ്യമെന്ന് ഇഡിയുടെ കത്തിൽ പറയുന്നു.
Most Read| യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി



































