വീട്ടിൽ വിദേശമദ്യ ശേഖരം; ആന്റോ അഗസ്‌റ്റിനെതിരെ കേസെടുത്ത് എക്‌സൈസ്

റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്‌റ്റിന്റെ വയനാട്ടിലെ കുടുംബവീട്ടിൽ നിന്നാണ് 43 ലിറ്റർ വിദേശമദ്യവും 7 ലിറ്റർ വൈനും പിടിച്ചെടുത്തത്.

By Senior Reporter, Malabar News
Anto Augustine
ആന്റോ അഗസ്‌റ്റിൻ / Image Courtesy: Anto Augustine FB Page / Cropped by Team MN

കൽപ്പറ്റ: റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്‌റ്റിന്റെ വയനാട്ടിലെ കുടുംബവീട്ടിൽ നിന്ന് വൻതോതിൽ വിദേശമദ്യവും വൈനും പിടികൂടി. എക്‌സൈസ് നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്ന് 43 ലിറ്റർ വിദേശമദ്യവും 7 ലിറ്റർ വൈനുമാണ് പിടിച്ചെടുത്തത്. ആന്റോയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം എക്‌സൈസ് കേസെടുത്തിട്ടുണ്ട്.

ലയണൽ മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുന്നതിന്റെ മറവിൽ നടന്ന സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകളും ഡിജിറ്റൽ തെളിവുകളും തേടി ആന്റോ അഗസ്‌റ്റിന്റെ വസതികളിലും സ്‌ഥാപനങ്ങളിലും നടത്തുന്ന റെയ്‌ഡിനിടെയാണ് വയനാട് മീനങ്ങാടിയിൽ കാരാപ്പുഴ ഡാമിന് സമീപം വാഴവറ്റയിൽ ഉള്ള വീട്ടിൽ മദ്യശേഖരം കണ്ടെത്തിയത്.

പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) നിർദ്ദേശപ്രകാരം കൽപ്പറ്റ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർ ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് മദ്യശേഖരം പിടികൂടിയത്. സംഭവത്തിൽ പ്രത്യേക കേസ് രജിസ്‌റ്റർ ചെയ്‌ത്‌ അന്വേഷണം തുടങ്ങുമെന്ന് എക്‌സൈസ് അറിയിച്ചു.

വ്യക്‌തിപരമായ ആവശ്യങ്ങൾക്കായി നിയമപരമായി കൈവശം വയ്‌ക്കാവുന്ന പരിധിയായ മൂന്ന് ലിറ്ററിലും അധികമായി വിദേശമദ്യവും മൂന്നര ലിറ്ററിൽ ഏറെ വൈനും വീട്ടിൽ സൂക്ഷിച്ചതായി കണ്ടെത്തിയ പശ്‌ചാത്തലത്തിൽ ഇതിന്റെ ഉറവിടത്തെ കുറിച്ചാണ് ആദ്യം അന്വേഷണം നടത്തുന്നതെന്ന് എക്‌സൈസ് വൃത്തങ്ങൾ പറഞ്ഞു. മെസ്സിയുടെ പേരിൽ നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട് രാവിലെ ആറുമണിയോടെയാണ് അഗസ്‌റ്റിൻ സഹോദരൻമാരുടെ കുടുംബവീട്ടിൽ എസ്ഐടി പരിശോധന തുടങ്ങിയത്.

റിപ്പോർട്ടറിലെ റെയ്‌ഡ്‌; സംപ്രേഷണം തടസപ്പെടുത്തിയില്ലെന്ന് മുഖ്യമന്ത്രി

മെസ്സിയെ കേരളത്തിൽ കൊണ്ടുവരുന്നതിന്റെ പേരിൽ തട്ടിപ്പ് നടത്തിയെന്ന കേസിൽ റിപ്പോർട്ടർ ബ്രോഡ്‌കാസ്‌റ്റിങ്‌ കമ്പനിയിൽ റെയ്‌ഡ്‌ നടത്തുന്നത് അന്വേഷണത്തിന്റെ ഭാഗമായാണെന്നും നിയമപരമായ നീക്കമാണെന്നും മുഖ്യമന്ത്രി വിഡി സതീശൻ.

പരിശോധനയുടെ പേരിൽ വാർത്താ സംപ്രേഷണം തടസപ്പെടുത്തിയിട്ടില്ല. വിഷയത്തിൽ ജിഎസ്‌ടി തട്ടിപ്പും വ്യക്‌തമായിട്ടുണ്ട്. കായികവകുപ്പിന് ലഭിച്ച പരാതി ഗൗരവമുള്ളതിനാലാണ് എഡിജിപിയുടെ നേതൃത്വത്തിൽ എസ്ഐടി രൂപീകരിച്ചത്. അവർ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌താണ്‌ അന്വേഷണം നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Most Read| യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE